ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാഴ്‌വസ്തുക്കളിൽ നിന്നുള്ള ഉൽപ്പന്ന നിർമ്മാണ മത്സരത്തിൽ നാലാം ക്ലാസുകാരിക്ക് ഒന്നാം സ്ഥാനം. വടകര എസ്.ജി.എം.എസ്.ബി സ്കൂളിലെ വിദ്യാർത്ഥിനിയായ ആൻലിയ അസ്നിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ കലോത്സവ നഗരിയിലെത്തിയവർക്ക് കൗതുകമായി. വീടുകളിൽ ഉപയോഗിക്കുന്ന ചവിട്ടി, പെൻസിൽ ബോക്സ്‌, അലങ്കാര വസ്തുക്കൾ തുടങ്ങിയവയാണ് ആൻലിയ നിർമ്മിച്ചത്. മത്സരത്തിൽ വടകര ജൂനിയർ ടെക്നിക്കൽ സ്കൂളിലെ തേജസ്സ് ജെ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ഹരിത പ്രോട്ടോകോൾ പൂർണമായി പാലിച്ചാണ് കലോത്സവം. കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വേദികൾക്ക് സമീപവും ജൈവ -അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകമായി വല്ലങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.വടകര നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹരിയാലിയുമായി സഹകരിച്ചാണ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി പ്രവർത്തിക്കുന്നത്. ഇത്തരം മത്സരങ്ങളിലൂടെ വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ അവബോധം സൃഷ്ടിക്കാൻ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.