വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു
ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കർഷകരുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വ്യത്യസ്‌തങ്ങളായ പദ്ധതികൾ മൃഗ സംരക്ഷണ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂടുകയും തൊഴുത്ത് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മികവുറ്റതാവുകയും തീറ്റപ്പുൽ ഉപ്പാദനം ഉൾപ്പടെ ശാസ്ത്രീയമാവുകയുമൊക്കെ ചെയ്‌താൽ ക്ഷീരമേഖലയെ ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനം എന്ന നിലയിലാണ് ക്ഷീരോൽസവങ്ങൾ സർക്കാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകർക്ക് അവർ ഉൽപ്പാദിപ്പിക്കുന്ന പാലിന് ഇന്നത്തെ ജീവിതനിലവാരത്തിന് അനുസരിച്ചുള്ള വില ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. തീറ്റപ്പുൽ കൃഷിയിൽ ഉൾപ്പടെ കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ബ്ലോക്കിന് കീഴിലെ മികച്ച ക്ഷീര കർഷകയായ സരിത മനോജിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ക്ഷീരസംഗമത്തിന് മുന്നോടിയായി നടന്ന ക്ഷീര കർഷക സെമിനാറിൽ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ വി മോഡറേറ്ററായി. പശുക്കളിലെ അസുഖങ്ങളും ശാസ്ത്രീയ തീറ്റക്രമവും എന്ന വിഷയത്തിൽ കെവിഎഎസ് യു വയനാട് അസോസിയേറ്റ് പ്രൊഫസർ ഡോ. ജെസിൻ ഡേവീസും ദേശീയ ക്ഷീരദിനം ഡോ. വർഗ്ഗീസ് കുര്യന്റെ സംഭാവനകൾ എന്ന വിഷയത്തിൽ സീനിയർ ക്ഷീരവികസന ഓഫീസർ, പുഴക്കൽ മഞ്ജുഷ ടി. വിയും വിഷയാവതരണം നടത്തി. ക്ഷീര സംഗമത്തോടനുബന്ധിച്ചു നടന്ന ഡയറി ക്വിസ്, ചിത്ര രചന വിജയികൾക്കുള്ള സമ്മാന വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. പരിപാടിയോടനുബന്ധിച്ച് പാലുൽപ്പങ്ങളുടെയുൾപ്പടെ പ്രദർശനവും നടന്നിരുന്നു.
പടിയൂർ വളവനങ്ങാടി കെ കെ എം എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്സി കർഷകർക്കുള്ള കാലിത്തീറ്റ ധന സഹായ പദ്ധതി ഉദ്ഘാടനവും ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിച്ചു. 8 ലക്ഷം രൂപയാണ് 76 ക്ഷീര കർഷകർക്കായി ബ്ലോക്ക് പദ്ധതി പ്രകാരം നീക്കി വച്ചത്. തുടർന്ന് ക്ഷീരകർഷകരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലത ചന്ദ്രൻ, ഷീല അജയഘോഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ സഹദേവൻ, കെ എസ് തമ്പി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ പ്രസന്ന അനിൽ കുമാർ, രമ രാഘവൻ, സുരേഷ് അമ്മനത്ത്, പടിയൂർ ക്ഷീര സംഘം പ്രസിഡന്റ് ടി കെ ഉണ്ണികൃഷ്ണൻ, ഇആർസിഎംപിയു ചെയർമാൻ എം ടി ജയൻ വെള്ളാങ്ങല്ലൂർ സീനിയർ ക്ഷീര വികസന ഓഫീസർ സെറിൻ പി ജോർജ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.