ജെ എം ജെ സ്കൂളിലെ ലക്ഷ്മി സുധീഷും സംഘവും അവതരിപ്പിച്ച ചവിട്ടുനാടകത്തിന്റെ സമാപനരംഗം കണ്ടിരുന്നവരിൽ പോലും ആവേശം നിറച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ കലാരൂപമായ ചവിട്ടുനാടകം ചെന്തമിഴ് ഭാഷയിൽ എഴുതപ്പെട്ടതാണ്. കാറൽസ്മാൻ ചരിതവും ഏബ്രിധോ ചക്രവർത്തിയുടെ സൈനികനായ വർഗീസിന്റെ കഥയും ഝാൻസി റാണിയുടെയും വേലുത്തമ്പി ദളവയുടെയും പോരാട്ടങ്ങളും പറഞ്ഞു ചടുലതാളങ്ങളുമായി വേദിയെ കീഴടക്കുന്ന കാഴ്ചയാണ് കലോത്സവ വേദിയിൽ കണ്ടത്.

വിശുദ്ധനായ ഗീവർഗീസിന്റ കഥ പറഞ്ഞ ചവിട്ടുനാടത്തിൽ ഭരണാധികാരിയായ ദാദിയാനോ എമ്പ്രതോ ചക്രവർത്തിയുടെ കൊട്ടാരത്തിൽ സൈന്യത്തിൽ ചേർക്കണമെന്ന് ആവശ്യമായി വർഗീസ് വരുന്നതും തുടർന്ന് ആയുധ പരീക്ഷയിൽ വർഗീസ് പങ്കെടുക്കുന്നതും ചവിട്ടുനാടക രൂപത്തിൽ അതിഗംഭീരമായി അവതരിപ്പിക്കപ്പെട്ടു. ചെന്തമിഴ്‌ ഭാഷയിൽ വന്ന സംഭാഷണങ്ങൾ കാണികളിൽ കൗതുകമുണർത്തി. ചൂണ്ടൽ എൽ ഐ ജി എച്ച്.എസ് അവതരിപ്പിച്ച ഗീവർഗീസ് സഹദായുടെ കഥ കാഴ്ചയുടെ വിരുന്നൊരുക്കി.

ഝാൻസി റാണിയുടെ കഥ പറഞ്ഞു ആടിത്തിമിർത്ത ചവിട്ടുനാടകത്തിൽ നൃത്തമികവും ആവിഷ്കാരവും ശ്രദ്ധേയമായി. റാണിയും സൈന്യവും ബ്രിട്ടീഷുകാരും വേദിയിൽ നിറഞ്ഞാടി. ഭാരതാംഭയെ വിളിച്ചു റാണി ലക്ഷ്മി ഭായി വിട പറയുമ്പോൾ സദസ്സിൽ കയ്യടി ഉയർന്നു. എടതിരിഞ്ഞി എച്ച് ഡി പി എച്ച്‌ എസ്സിലെ മീര ടി ജെ ആണ് ഝാൻസി റാണി ആയി അരങ്ങ് തകർത്തത്.

എല്ലാ ചവിട്ടുനാടകങ്ങളും മികച്ച നിലവാരം പുലർത്തിയതായും പരിശീലനക്കുറവ് മൂലം ചുവടുകൾ ഉറച്ചിട്ടില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. യൂട്യൂബ് അനുകരണം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വിധികർത്താക്കൾ പറഞ്ഞു. ചവിട്ടുനാടകം ഹൈസ്കൂൾ വിഭാഗത്തിൽ ഹോളി ഫാമിലി സി. ജി. എച്ച്‌.എസ്. ചെമ്പൂക്കാവ് എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്. ഡി. പി. എച്ച്.എസ്.എസ്. എടതിരിഞ്ഞി ഒന്നാം സ്ഥാനം നേടി.