മണ്ഡലാടിസ്ഥാനത്തില്‍ പ്രവൃത്തി വിലയിരുത്തണം

തൃശ്ശൂർ ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ വഴി കുടിവെള്ളമെത്തിക്കുക എന്ന തീവ്രയജ്ഞ പരിപാടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ വിലയിരുത്തല്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ജല്‍ജീവന്‍ മിഷന്‍ പദ്ധതികളെ കുറിച്ചും കുടിവെള്ള പദ്ധതികളെ സംബന്ധിച്ചും അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗം വിലയിരുത്തി. പദ്ധതിയുടെ തുടര്‍ നടത്തിപ്പിനായി എല്ലാ എംഎല്‍എമാരും അവരവരുടെ മണ്ഡലത്തിലെ പുരോഗതി വിലയിരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ നിയോജകമണ്ഡലത്തിനും ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചാര്‍ജ് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഓരോ പഞ്ചായത്തിലെയും ജല്‍ജീവന്‍ മിഷന്‍ പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങള്‍ എംഎല്‍എയ്ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഇതിന് ശേഷമുള്ള അടുത്ത 20 ദിവസത്തിനകം എംഎല്‍എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തണം. അടുത്ത മാസം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലും ജനുവരി അവസാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും അവലോകന യോഗം ചേരും. ജനുവരിക്ക് മുന്‍പ് നിലവില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനുള്ള തുക വാട്ടര്‍ അതോറിറ്റി പിഡബ്ല്യുഡിക്ക് നല്‍കും. ഓരോ 500 മീറ്ററില്‍ പൈപ്പിടല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അതിനായി പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കണം. മുഴുവന്‍ സ്ഥലത്തും പൈപ്പിടല്‍ പൂര്‍ത്തിയായതിന് ശേഷം മാത്രം റോഡ് പൂര്‍വ സ്ഥിതിയിലാക്കുന്ന നിലവിലെ രീതി മാറ്റണമെന്നും മന്ത്രി പറഞ്ഞു. ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട നടപടികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തമ്മിലുള്ള ഏകോപനം ആവശ്യമാണ്. കേരളത്തില്‍ 40,000 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ആ തുക ഫലപ്രദമായി വിനിയോഗിച്ച് കാലതാമസം കൂടാതെ പദ്ധതി നടപ്പിലാക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 35 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കാനായി. പുതുതായി 40 ലക്ഷം കണക്ഷന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ജില്ലയില്‍ ജല ജീവന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. മണ്ഡലാടിസ്ഥാനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളിലെ തടസങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഒല്ലൂര്‍ മണ്ഡലത്തിലെ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ സംബന്ധിച്ച് റവന്യൂ മന്ത്രി കെ രാജന്‍ യോഗത്തില്‍ വിശദീകരിച്ചു. കേരളത്തിന്റെ മാസ്റ്റര്‍ പദ്ധതികളിലൊന്നാണ് ജല്‍ ജീവന്‍ മിഷന്‍ എന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കണക്ഷന്‍ ലഭിക്കാതിരുന്നവരെ കൂടി ഉള്‍പ്പെടുത്തി പ്രവൃത്തി വേഗത്തിലാക്കാന്‍ നടപടി വേണം. ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പൊളിച്ച റോഡുകള്‍ അതേനിലവാരത്തില്‍ പൂര്‍വസ്ഥിതിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പാലക്കുന്നില്‍ ടാങ്ക് പണിയുന്നതിന് 16 സെന്റ് ഭൂമിയും അടുക്കളപ്പാറയില്‍ 8 സെന്റ് ഭൂമിയും പാണഞ്ചേരി പഞ്ചായത്ത് കണ്ടെത്തി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പീച്ചിയില്‍ 36 എംഎല്‍ഡി സംഭരണ ശേഷിയുള്ള ശുദ്ധീകരണ ശാല ജല്‍ജീവന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ച് നവീകരിക്കാൻ ജലവിഭവ മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട്, മറ്റത്തൂര്‍, വരന്തരപ്പിള്ളി, അളഗപ്പനഗര്‍, ചാലക്കുടി മണ്ഡലത്തിലെ കൊടകര എന്നീ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള പ്ലാന്റിന്റെ നിര്‍മ്മാണത്തിന് വരന്തരപ്പിള്ളി പഞ്ചായത്തിലെ മാട്ടുമലയില്‍ 150 സെന്റ് സ്ഥലത്തിനുള്ള ഭൂമിയുടെ വില നിശ്ചയിച്ച് നടപടിയായി. അതാത് പഞ്ചായത്തുകളില്‍ നിന്നുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ പമ്പിംഗ് മെയിന്‍ സ്ഥാപിക്കുന്നതിന് മേലൂര്‍ പഞ്ചായത്തില്‍ സ്വകാര്യ റോഡിലൂടെ 280 മീറ്റര്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി എംഎല്‍എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളന്നമെന്ന് മന്ത്രി പറഞ്ഞു.

ഭൂമി സംബന്ധമായ തടസങ്ങള്‍, റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ദേശീയപാത അതോറിറ്റി, വനംവകുപ്പ്, റെയില്‍വെ എന്നിവയുടെ അനുമതി ലഭിക്കേണ്ട പ്രശ്‌നങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പിഡബ്ല്യൂഡി, വാട്ടര്‍ അതോറിറ്റി, ദേശീയപാത അതോറിറ്റി എന്നിവരുടെ യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. പല മണ്ഡലങ്ങളിലും പ്രവൃത്തികളിലെ സാങ്കേതികമായ തകരാറുകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടിയെടുക്കണം.

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളില്‍ 12 എണ്ണത്തിലാണ് ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കുന്നത്. തൃശൂര്‍ മണ്ഡലം പൂര്‍ണ്ണമായും കോര്‍പ്പറേഷന്‍ പരിധിയിലാണ്. 3809.68 കോടി രൂപയാണ് ജില്ലയില്‍ പദ്ധതിക്കായി ഭരണാനുമതി ലഭിച്ച തുക. 0.96 ലക്ഷം കണക്ഷനാണ് ജല്‍ ജീവന്‍ മിഷന്‍ ഇതുവരെ നല്‍കിയത്. 3.34 ലക്ഷം കണക്ഷന്‍ ഇനി നല്‍കാനുണ്ട്.