ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനൽകിയവർക്ക് ഗാർഹിക ആവശ്യത്തിനായുള്ള കെട്ടിടനിർമ്മാണത്തിന് ആക്സസ്സ് പെർമിറ്റ് അനുമതി ആവശ്യമാണെന്ന വ്യവസ്ഥകളിൽ ഇളവ് വരുത്തുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ ജോയിൻറ് ഡയറക്ടർക്ക് ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി. സബ് കലക്ടർ മുഹമ്മദ് ഷെഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുമ്പോൾ ഒരുമനയൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയും പ്രധാന കുടിവെള്ള സ്രോതസ്സായ കിണറും നഷ്ടമാകുന്നതിനു പകരം സംവിധാനം കണ്ടെത്തുന്നതുവരെ ഇവ പൊളിക്കരുതെന്ന് നിർദേശം നൽകി.

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 18 വയസ്സ് പൂർത്തീകരിച്ച മാനസിക വെല്ലുവിളി നേരിടുന്നവരിൽ അവിദഗ്ദ്ധ കായികതൊഴിൽ ചെയ്യുവാൻ സന്നദ്ധരായവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇവർക്ക് ജോബ് കാർഡ് വിതരണം ആരംഭിച്ചതായും യോഗത്തിൽ അറിയിച്ചു.

ഡെസ്റ്റിനേഷൻ ചലഞ്ചിന്‌ ആവശ്യമായ എൻഒസി ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളോടും തദ്ദേശ ഭരണ സ്ഥാപനങ്ങളോടും നിർദേശിച്ചു.

കൊടകര – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ അഷ്ടമിച്ചിറ മുതൽ കൃഷ്ണൻകോട്ട വരെയുള്ള റോഡ് കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയെന്നും ബിഎം ആൻഡ് ബിസി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും പി ഡബ്ള്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചാവക്കാട് വടക്കാഞ്ചേരി റോഡ് മുതുവട്ടൂർ മുതൽ കോട്ടപ്പടി വരെ ബി എം പൂർത്തിയാക്കിയെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തകർന്നു കിടക്കുന്ന ഒളരി – പുല്ലഴി റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നൽകിയെന്നും പി ഡബ്ള്യു ഡി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹിയറിങ് നടത്തിയെന്നും യോഗത്തെ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീൿരിക്കുമെന്നും അധികൃതർ യോഗത്തെ അറിയിച്ചു.

മെഡിക്കൽ കോളേജിൽ എംആർഐ സ്കാൻ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കുന്നതിനും ട്രോമ കെയർ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ എൻ കെ അക്ബർ, പി ബാലചന്ദ്രൻ, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, റവന്യു മന്ത്രി കെ രാജന്റെ പ്രതിനിധി ടി ആർ രാധാകൃഷ്ണൻ, എഡിഎം രജി പി ജോസഫ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.