പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന ഇ വി ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ഈ വർഷം 142 സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഏഴ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എം സച്ചിൻ ദേവ് എംഎൽഎ സംസാരിച്ചു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ എസ് ശിവദാസ് സ്വാഗതവും ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ ലേഖ റാണി നന്ദിയും പറഞ്ഞു.