ചേലക്കര ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയുടെ ഐ പി ബ്ലോക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതിയായി. മന്ത്രി കെ രാധാകൃഷ്ണന്റെ 2022- 23 വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഭരണാനുമതി. ആയുർവേദ ചികിത്സക്കായി മേപ്പാടം ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി പേരാണ് ചികിത്സയ്ക്ക് എത്തുന്നത്.ഇവിടെ എത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപയുടെ പ്രൊപ്പോസൽ തയ്യാറാക്കി നൽകിയിരുന്നു.
രണ്ട് നിലകളിലായി 2114 സ്ക്വയർ ഫീറ്റിട്ടിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. താഴത്തെ നിലയിൽ 11 കിടക്കകളുള്ള സ്ത്രീകളുടെ വാർഡും,ഒന്നാമത്തെ നിലയിൽ 11 കിടക്കകളുള്ള പുരുഷന്മാരുടെ വാർഡും , ഇരുനിലകളിലും പൊതു ശുചിമുറികളും,നഴ്സിംഗ് സ്റ്റേഷൻ, ചികിത്സാ മുറി തുടങ്ങിയ സംവിധാനങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല.സാങ്കേതിക അനുമതി വേഗത്തിലാക്കി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകി.