ശാന്തിതീരം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പൂമംഗലം ഗ്രാമപഞ്ചായത്തിലെ ശാന്തിതീരം വാതക ശ്മശാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ വാതക ശ്മശാനമാണ് ശാന്തിതീരം.എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിൽ ഒന്നാണ് ഒരു പൊതു ശ്മശാനം വെടിപ്പും വൃത്തിയുമുള്ള രീതിയിൽ പരിഷ്കൃതമായി സജ്ജീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ച പഞ്ചായത്ത് മുൻ ഭരണസമിതിയെയും ഭംഗിയായി പൂർത്തീകരിച്ച ഇപ്പോഴത്തെ ഭരണസമിതിയെയും മന്ത്രി അഭിനന്ദിച്ചു.മരണാനന്തര ചടങ്ങുകൾക്കായി മതനിരപേക്ഷമായ ഇടം ഒരു ഗ്രാമപഞ്ചായത്തിൽ ഉണ്ടാവുക എന്നത് പ്രസക്തമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. പൂമംഗലം പഞ്ചായത്ത് ഓഫീസിനായി പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എന്നിവയുടെ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. 70 ലക്ഷം രൂപയാണ് ചെലവ്. കോസ്റ്റ്ഫോർഡ് ആയിരുന്നു നിർവഹണ ഏജൻസി.

പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ ലതാ ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.