വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും എല്ലാ തരത്തിലുമുള്ള സംഭാവനകളും നൽകി സഹകരണ മേഖല മുന്നോട്ട് കുതിക്കുകയാണ്. കേരളത്തിന്റെ പ്രതിസന്ധി – പ്രയാസ ഘട്ടങ്ങളിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ മുന്നോട്ട് വരുന്ന സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ പ്രസ്ഥാനമെന്നും ആരു വിചാരിച്ചാലും സഹകരണ മേഖലയെ തകർക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.കോംകോ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്ന ഗോൾഡ് പർചേസ് സ്കീം, പെൻഷൻ സ്കീം, ഇടം ഭവന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

കോംകോ സ്ട്രോങ്ങ്‌ റൂമിന്റെ ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. കേരളത്തിന്റെ വികസനത്തിൽ സഹകരണ മേഖല വലിയ രീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും ലക്ഷക്കണക്കിനാളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനമെന്ന നിലയിൽ നാടിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

മെയിൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു.സഹകരണ പ്രസ്ഥാനങ്ങൾക്ക് ഇന്നത്തെ കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്. അതു കൊണ്ടു തന്നെയാണ് ജനങ്ങൾക്കിടയിൽ സഹകരണ മേഖലയ്ക്ക് ഇത്രയധികം അംഗീകാരം ലഭിച്ചതുമെന്നും മന്ത്രി പറഞ്ഞു.

പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപം സ്വീകരിക്കൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. ജോയിന്റ് രജിസ്ട്രാർ ബി. സുധ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോംകോ ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. ഒപ്പം ആദ്യകാല ഡയറക്ടർമാരെയും ഉന്നത വിജയികളെയും മത്സര വിജയികളെയും അനുമോദിക്കലും നടന്നു. കോംകോ സെക്രട്ടറി എൻ ബിജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ്‌ പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ എം വിനോദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കോംകോ പ്രസിഡന്റ് വിടി സത്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ ദാമോദരൻ നന്ദിയും പറഞ്ഞു.