കുന്നംകുളത്തെ സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായുള്ള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ ലൈന്‍ മാര്‍ക്കിങ്ങ് പൂര്‍ത്തീകരിച്ചു. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എ സി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. കായിക വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വിപുലമായ ഹോസ്റ്റല്‍ സൗകര്യം, ഒളിമ്പിക് നിലവാരത്തിലുള്ള നീന്തല്‍ക്കുളം, സൗന്ദര്യ വത്കരണം, പാര്‍ക്കിങ്ങ് സൗകര്യം, ജലധാര, ഗേയ്റ്റ് എന്നിവ തയ്യാറാക്കുന്നതിന് ആവശ്യമായ പുതിയ പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍ അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോര്‍ട്‌സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുന്നത്. ലൈന്‍ മാര്‍ക്കിങ്ങ് പ്രവര്‍ത്തികളും കമ്പനിയാണ് ചെയ്യുന്നത്. ലൈന്‍മാര്‍ക്കിങ്ങിന് ശേഷം അത്ലറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തിയതിന് ശേഷം അന്താരാഷ്ട്ര നിലവാരത്തിനുള്ള കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതിയാകും.

7 കോടി രൂപയാണ് സീനിയര്‍ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികള്‍ക്കായി അനുവദിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഫുട്‌ബോള്‍ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റര്‍ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. ലൈന്‍ ട്രാക്കിന് പുറമേ ജെമ്പിങ് പിറ്റ്, പവലിയന്‍ എന്നിവയും

പവലിയന് താഴെ ഡ്രസ്സിംങ്ങ് റൂം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഗ്രൗണ്ടില്‍ പദ്ധതികള്‍ ആവിഷകരിക്കുന്നത്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വൈ.ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി സോമശേഖരന്‍, പി കെ ഷെബീര്‍, പിടിഎ പ്രസിഡന്റ് സുനില്‍ കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ഐ റസിയ, ജനപ്രതിനിധികള്‍ തുടങ്ങിയവരും എംഎല്‍എയ്ക്കാപ്പം സിന്തറ്റിക് ട്രാക്ക് സന്ദര്‍ശിച്ചു.