ഇടുക്കി: മഴക്കെടുതി ബാധിത മേഴലയില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശുചീകരണവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്കുന്ന പ്രവര്‍ത്തികളാണ് ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു വരുന്നത്.
ക്യാമ്പുകളില്‍ താമസിച്ചു മടങ്ങിയവരും താമസിക്കാത്തവരുമായ ഏറെ ദുരിതമനുഭവിക്കുന്ന നിരവധിപ്പേര്‍ക്ക്  ബ്ലോക്ക് പഞ്ചായത്തിന്റെ കലവറയില്‍നിന്നും ഡ്രസ് ബാങ്കില്‍ നിന്നും  അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കുന്നു. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിപ്പോയവരുടെ വീടുകള്‍ താമസയോഗ്യമാക്കുന്ന തിരക്കിലാണ്  ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും.   വിവിധ പ്രദേശങ്ങളില്‍ ഡിവിഷന്‍ മെമ്പര്‍മാരും വി ഇ ഒ മാരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. പ്രളയത്തില്‍ മുങ്ങിപ്പോയ വണ്ടിപ്പെരിയാര്‍ മേഖലയിലെ പല വീടുകളും സ്ഥാപനങ്ങളും വെളളമിറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞിരുന്നു. ചെളി നീക്കം ചെയ്ത് കഴുകി ഇവ പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ വലിയ പരിശ്രമം വേണ്ടി വന്നു.
സ്‌കുളുകള്‍, പൊതുസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും പൊതുജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുന്നതായും ബിഡിഒ എം.എസ് വിജയന്‍ പറഞ്ഞു.  ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന പല ടീമുകളായി തിരിഞ്ഞ് ദുരിതം ബാധിച്ച വീടുകള്‍ സന്ദര്‍ശിക്കുകയും ക്യാമ്പുകളില്‍ നിന്നും തിരിച്ച് വീടുകളില്‍ താമസത്തിനെത്തിയവര്‍ക്ക് അവിടെ അടിയന്തരമായി എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കേണ്ടതെന്ന് ചോദിച്ച് മനസിലാക്കി വേണ്ട സഹായം എത്തിച്ചുവരുന്നു. ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ വസ്ത്രങ്ങള്‍, ഗ്യാസ് സ്റ്റൗ പോലെ അത്യാവശ്യ വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ഇവയിലുള്‍പ്പെടുന്നു.  ഏകോപിച്ചുളള പ്രവര്‍ത്തനത്തിലൂടെ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്കായി നിരവധി സഹായമെത്തിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചതായി  പ്രസിഡന്റ് ലിസിയാമ്മ ജോസ് പറഞ്ഞു.
 കലവറയില്‍ നിന്ന് അരി മുതല്‍ സ്റ്റൗവരെ
 അഴുത ബ്ലോക്കിന്റെ കലവറയില്‍ നിന്നും അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്കുന്നത് അരി മുതല്‍ ഗ്യാസ് സ്റ്റൗ വരെ.  ബ്ലോക്ക് പരിധിയിലുളള വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലേക്ക്  ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിനായി ബിഡിഒയുടെ നേതൃത്വത്തില്‍ ജീവനക്കാരുള്‍പ്പെട്ട ഒരു ടീംതന്നെ രൂപീകരിച്ച് വിവിധ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍,തുടങ്ങിയവയില്‍ നിന്നെല്ലാം ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തു. ഇത്തരത്തില്‍ അരി, പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടെ 15 ടണ്ണിലേറെ ഭക്ഷ്യ- അവശ്യസാധനങ്ങളുടെ സംഭരണ വിതരണകേന്ദ്രമായി കലവറയെന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഒരു ഭാഗം  പ്രവര്‍ത്തിച്ചു. ക്യാമ്പുകളിലേക്ക് കൂടുതലായും ഒറ്റപ്പെട്ട കോളനികളിലേക്കും വീടുകളിലേക്കും കിറ്റുകളായും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്കി. പ്രളയത്തില്‍ ഒറ്റപ്പെട്ടുപ്പോയ വണ്ടിപ്പെരിയാര്‍, കുമളി മേഖലയ്ക്കായി കലവറയുടെ ഒരു കേന്ദ്രം വാളാര്‍ഡിയില്‍ ക്രമീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൈനാടത്തിന്റെ മേല്‍നോട്ടത്തില്‍ ഇവിടെ നിന്നും അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത് പ്രദേശവാസികള്‍ക്ക് പ്രയോജനപ്രദമായി. ഇ.എസ് ബിജിമോള്‍ എം.എല്‍.എ യുടെ നിര്‍ദേശപ്രകാരം അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുപുറത്തുളള  ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടി, മേമാരി ആദിവാസി ഊരുകളിലും അവശ്യസാധനങ്ങള്‍ എത്തിച്ചു.വണ്ടിപ്പരിയാര്‍ മേഖലയില്‍ വീട്ടുപകരണങ്ങളെല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായവര്‍ക്ക് അവശ്യസാധനങ്ങള്‍ക്കു പുറമെ  ഗ്യാസ് സ്റ്റൗവും പായും വിതരണം ചെയ്തു. ഇത്തരത്തില്‍ 25 ഗ്യാസ് സ്റ്റൗ ആണ് വിതരണം ബ്ലോക്ക് പഞ്ചായത്ത് കലവറയില്‍ നിന്നും വിതരണം ചെയ്തത്. പൊതുപ്രവര്‍ത്തകരുടെയും ബ്ലോക്ക് ജീവനക്കാരുടെയും കൃത്യമായ അന്വേഷണത്തില്‍ നേരിട്ടു ബോധ്യപ്പെട്ട ഏറ്റവും അര്‍ഹരായവര്‍ക്കാണ് ഈ സഹായങ്ങള്‍ നല്കിവരുന്നത്. വെളളപ്പൊക്കത്തിലും മഴക്കെടുതിയിലും കേടുപാടുകള്‍ സംഭവിച്ച വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്നതിനുളള നടപടികളും  സമയബന്ധിതമായി നടപ്പാക്കുമെന്ന് ബിഡിഒ പറഞ്ഞു.
വസ്ത്രം നല്‍കാന്‍ ഡ്രസ്ബാങ്ക്
ദുരിതബാധികര്‍ക്ക് അവശ്യമായ വസ്ത്രങ്ങള്‍ നല്കുന്നതിന് രൂപീകരിച്ച ഡ്രസ്ബാങ്കിലേക്കായി ജോയിന്റ് ബിഡിഒ യുടെ നേതൃത്വത്തിലുളള ടീം വസ്ത്രങ്ങള്‍ ശേഖരിച്ചു. ഇതിന്റെ പ്രാരംഭമായി ബ്ലോക്കിലെ ജിവനക്കാര്‍ തങ്ങളുടെ കൈകളില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ച്  ബഡ്ഷീറ്റ്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉളള വസ്ത്രങ്ങള്‍ വാങ്ങി ക്യാമ്പുകളിലെത്തിച്ചു. മുണ്ടക്കയം പ്രദേശത്തെ വിവിധ വസ്ത്ര സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബ്ലോക്ക് ജീവനക്കാരുടെ നേത്യത്വത്തില്‍ വസ്ത്രങ്ങള്‍ ശേഖരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ശേഖരിച്ച വസ്ത്രങ്ങളും അഴുത ബ്ലോക്കിലെ ഡ്രസ് ബാങ്കിന് ലഭിച്ചു. ഇത്തരത്തില്‍ ലഭിച്ച വസ്ത്രങ്ങള്‍ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ തരം തിരിച്ച് വിവിധ ക്യാമ്പുകളിലേക്കും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ അര്‍ഹരായവര്‍ക്കും  ജീവനക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് എത്തിച്ചു നല്കി വരുന്നു.
പേമാരിയും ഉരുള്‍പൊട്ടലും ദുരിതം വിതച്ച ഇടുക്കി ജില്ലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്ന കുമളി, വണ്ടിപ്പെരിയാര്‍, പെരുവന്താനം, കൊക്കയാര്‍, ഏലപ്പാറ, പീരുമേട് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് അഴുത ബ്ലോക്ക് പഞ്ചായത്ത്. മഴക്കെടുതിയെത്തിയ ആഗസ്റ്റ് 15ന് തന്നെ അഴുത ബ്ലോക്കില്‍ ദേശീയപതാക ഉയര്‍ത്തലിനുശേഷം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലായി 26 ക്യാമ്പുകളാണ് തുറന്നത്. മഴയ്ക്ക് ശമനമായതോടെ ഇതില്‍ വണ്ടിപ്പെരിയാര്‍ ഒഴികെയുളള ക്യാമ്പുകള്‍ പിരിഞ്ഞു. വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ ഇപ്പോഴും 35 കുടുംബങ്ങള്‍ കഴിയുന്നുണ്ട്
 പ്രളയമേഖലകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചേര്‍ന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവുമാണ് ഏറ്റവും അത്യാവശ്യമെന്ന് മനസിലാക്കിയാണ് കലവറ, ഡ്രസ്ബാങ്ക് എന്നീ സംരംഭങ്ങള്‍ അഴുത ബ്ലോക്ക്പഞ്ചായത്ത് ഉടനടി നടപ്പിലാക്കിയത്.