മലയാളത്തിൽ നിന്ന് അറിയിപ്പും നൻപകൽ നേരത്ത് മയക്കവും
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്ന ചിത്രങ്ങളിൽ പകുതിയിലേറെയും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകർ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,ഇറാൻ , ഇസ്രയേൽ ,ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് ,ലിജോജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ .ഏകതാര കളക്റ്റീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔർ ഓൺ , മണിപ്പൂരി സംവിധായകൻ റോമി മൈതേയിയുടെ ഔർ ഹോം എന്നിവയാണ് മല്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
മല്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എട്ടു ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. ഇറാനിയൻ സംവിധായകനായ മെഹ്ദിഹസ്സൻ ഫാരിയുടെ ഹൂപ്പോ ,ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം ,മൈക്കേൽ ബോറോഡിൻ ഒരുക്കിയ റഷ്യൻ ചിത്രം കൺവീനിയൻസ് സ്റ്റോർ ,ബോളിവിയൻ ചിത്രം ഉതാമ ,വിയറ്റ്നാം ചിത്രം മെമ്മറിലാൻഡ് ,അമിൽ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാർ ,ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്സ് ,ഏകതാര കളക്റ്റീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔവർ ഓൺ എന്നിവയാണ് മല്സര വിഭാഗത്തിലെ നവാഗത ചിത്രങ്ങൾ. ഒൻപതു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ലോകത്തിലെ ആദ്യപ്രദർശനവും മത്സര വിഭാഗത്തിലുണ്ട്.
ബർലിൻ ,ജറുസലേം ,റിയോഡി ജനീറ എന്നീ മേളകളിൽ നോമിനേഷൻ നേടിയ ഐഡാൻ ഹേഗ്വൽ ചിത്രം കൺസേൺഡ് സിറ്റിസണും മല്സര വിഭാഗത്തിലുണ്ട് .ടർക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുൻ പിർസെലിമോഗ്ലു ഒരുക്കിയ കെർ എന്ന ചിത്രവും മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും.