പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് മേപ്പാടി പഞ്ചായത്തില്‍ തുടക്കമായി. കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരജന്‍ മുഖ്യപ്രഭാഷണം നടത്തി.

എ.ബി.സി.ഡി ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. അക്ഷയയുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, മേപ്പാടി പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് ഡിസംബര്‍ 2 ന് സമാപിക്കും.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുഹമ്മദ് റാഫി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുള്‍ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി.എ അരുണ്‍ ദേവ്, സി. രാഘവന്‍, മേപ്പാടി പഞ്ചായത്ത് മെമ്പര്‍മാരായ ജോബിഷ് കുര്യന്‍, സി. ശ്രീജു, കെ. രാധാമണി, കെ. സിന്ധു, ബി. നാസര്‍, മിനി കുമാര്‍, സുകന്യ ആഷിന്‍, എന്‍.കെ സുകുമാരന്‍, കെ. ബാബു, സി.കെ നൂറുദ്ദീന്‍, വി. രാധ, അജ്മല്‍ സാജിദ്, ബീന സുരേഷ്, പി.വി സുഹാദ, രാധ രാമസ്വാമി, സി. ഹാരിസ്, എം.എം ജിതിന്‍, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം തുടങ്ങിയവര്‍ സംസാരിച്ചു.