ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന്  അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചുവരുന്ന നോ ടു ഡ്രഗസ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍  നിലയ്ക്കലില്‍ സ്ഥാപിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പവിലിയനും ലഹരിക്കെതിരെ ഒരു ഗോള്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ടും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിരുന്ന സമാധാന അന്തരീക്ഷം വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ  ഉപയോഗം മൂലം നഷ്ടപ്പെടുകയാണ്. ഇത് വീണ്ടെടുക്കുവാന്‍ സമൂഹത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണന്ന് എംഎല്‍എ പറഞ്ഞു.
ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സ്‌കൂള്‍ കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളിച്ച് ചിത്രീകരിച്ച പവിലിയനാണ് എക്‌സൈസ് വിമുക്തിമിഷന്‍ മുത്തൂറ്റ് ഫിനാന്‍സുമായി ചേര്‍ന്ന് നിലയ്ക്കല്‍ വെര്‍ച്യു ക്യൂ ബുക്കിഗ് സംവിധാനത്തിന് സമീപം സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം  ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകരാണ് പവിലിയന്‍ സന്ദര്‍ശിക്കുന്നത്.
പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍  വി.എ. പ്രദീപ്, ശബരിമല എഡിഎം. പി. വിഷ്ണു രാജ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ശബരിമല ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു. വി. നാഥ്, വാര്‍ഡ് മെമ്പര്‍ മഞ്ജുപ്രമോദ്, പത്തനംതിട്ട പ്രസ് ക്ലബ്ബ് ട്രഷറര്‍ എസ്. ഷാജഹാന്‍, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സുനില്‍കുമാരപിള്ള, കെഎസ്ഇഎ  ജില്ലാ സെക്രട്ടറി എസ്. അജി,  മുത്തൂറ്റ് ഫിനാന്‍സ് മാനേജര്‍ അരുണ്‍ കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റെനീഷ്, പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.