ഇടുക്കി ജില്ലയിലെ സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ദുരന്ത പ്രതികരണ പരിശീലനം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ദുരന്ത രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സന്നദ്ധ സേന അംഗങ്ങളുടെയും സേവനം ആവശ്യമാണെന്നും പ്രവര്‍ത്തനങ്ങളില്‍ പ്രാഥമിക അറിവ് ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.
ഫയര്‍ & സേഫ്റ്റി വിഷയത്തില്‍ മൂലമറ്റം അഗ്നിരക്ഷ സേന ഉദ്യോഗസ്ഥന് എം. വി. മനോജ്, പ്രഥമ ശുശ്രുഷ വിഷയത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോ. ജോസ് മോന് പി. ജോര്‍ജ്, ദുരന്ത നിവാരണം വിഷയത്തില്‍ ഹസാര്ഡ്അനലിസ്റ്റ് രാജീവ് ടി.ആര്, സന്നദ്ധ സേവനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കേരള യൂത്ത് ലീഡര്ഷിപ് അക്കാഡമി പ്രതിനിധി ബിബിന്‍ ബേബി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ജില്ലാ- താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളിലൂടെ ജില്ലയിലെ 1000 സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പരിശീലനം ലഭിക്കുന്ന സന്നദ്ധസേന പ്രവര്‍ത്തകര്‍ പഞ്ചായത്ത് – മുനിസിപ്പലിറ്റികളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ജില്ലാതല ഉദ്ഘാടനത്തെ തുടര്‍ന്ന് ഇടുക്കി താലൂക്കിന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ നിന്നുള്ള സന്നദ്ധ സേന അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്.
വരും ദിവസങ്ങളില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പരിശീലന പരിപാടികള്‍ നടക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അതത് ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇടുക്കി തഹസില്‍ദാര്‍ ജെയ്ഷ് ചെറിയാന്, ദുരന്തനിവാരണ ലേയ്സണ് ഓഫീസര്‍ കെ.കെ വിജയന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദുരന്തനിവാരണം പി. ആര്. അനില്‍ കുമാര്‍ തുടങ്ങി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ജീവനക്കാരും സന്നദ്ധ സേന അംഗങ്ങളും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.