മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ക്കു ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്നും, സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഇതര വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭാ സമിതി അദ്ധ്യക്ഷന്‍ കെ. പി. മോഹനന്‍ എം എല്‍ എ അറിയിച്ചു. ജില്ലയിലെ മുതിര്‍ന്ന പൗരന്മാര് നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണിക്കാര്യം അറിയിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളിലൂടെ വിലയിരുത്തുകയും ചെയ്തു.
വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കണമെന്ന് യോഗത്തിനെത്തിയ വയോജനങ്ങള്‍ സമിതിയോട് അഭ്യര്‍ത്ഥിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തി ലഭിക്കാന്‍ വളരെ ഏറെ സഞ്ചരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിക്കണം. ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബസില്‍ പരിശോധന ശക്തമാക്കണം. ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരി നില്‍ക്കേണ്ടതില്ല എന്ന ബോര്‍ഡ് വെച്ച് മുഗണന നല്‍കണം. കിടത്തി ചികിത്സയ്ക്ക് ബഡ് സംവരണം ചെയ്യണം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും തുറന്നു നല്‍കാത്ത പകല്‍വീട് ഉടന്‍ തുറന്നു നല്‍കാന്‍ നടപടി സ്വീകരിക്കണം. യാത്രാ നിരക്കില്‍ ഇളവ്് അനുവദിക്കണം. എന്നിങ്ങനെ ഒട്ടനവധി ആവശ്യങ്ങള്‍ വയോജനങ്ങള്‍ നിയമസഭാ സമിതിയ്ക്കു മുന്‍പാകെ അവതരിപ്പിച്ചു. 30 അപേക്ഷ സമിതിയ്ക്ക് ലഭിച്ചു. അപേക്ഷയില്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി.
നിയമസഭാ സമിതി അംഗങ്ങളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജോബ് മൈക്കിള്‍, ടി.ജെ. വിനോദ്, വാഴൂര്‍ സോമന്‍, കെ. പി. കുഞ്ഞഹമ്മദ് കുട്ടിമാസ്റ്റര്‍, സി.കെ. ഹരീന്ദ്രന്‍, ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ഡെപ്യൂട്ടി സെക്രട്ടറി എം. ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തോട്ടം മേഖലയിലെ ചികിത്സാ സൗകര്യത്തിന്റെ കുറവ്, മുതിര്‍ന്ന പൗരന്മാര് നേരിടുന്ന യാത്രാ ക്ലേശം, ചിലയിടങ്ങളിലെ പകല്‍വീടുകള്‍ സ്ഥാപിച്ചതിലെ അപാകതകള്‍, വയോജനങ്ങളുടെ ഗ്രാമസഭ വിളിച്ച് ചേര്‍ക്കുന്നതിലെ അപാകത തുടങ്ങി വിവിധ വിഷയങ്ങള്‍ സിറ്റിംഗില്‍ പങ്കെടുത്തവര്‍ സമിതിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങളായും അപേക്ഷകളായും സമര്‍പ്പിച്ചു. പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും അടിമാലി താലൂക്കാശുപത്രിയുടെ കിടത്തിചികിത്സാ സൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യവും സമിതിക്ക് മുമ്പാകെ എത്തി. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അപേക്ഷകളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച ശേഷം സമിതിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു. ലഭിച്ച പരാതികളിന്‍മേലും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് ജില്ലയില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി. പകല്‍വീടുകളുടെ പ്രവര്‍ത്തനം, ഓരോ പഞ്ചായത്തിലും വയോജനങ്ങള്‍ക്കായി എത്ര തുക വിനിയോഗിച്ചു, വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പ്രായമായവരെ സഹായിക്കാന്‍ സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി സമിതിയെ അറിയിച്ചു. സ്റ്റേഷനുകളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തണമെന്ന് സമിതി പോലീസിന് നിര്‍ദ്ദേശം നല്‍കി. വനംവകുപ്പ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലടക്കം മുതിര്‍ന്ന പൗരന്‍മാര്‍ക്കായി നടപ്പിലാക്കിയ പദ്ധതികളും നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പദ്ധതികളും യോഗത്തില്‍ സമിതിയെ അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സൗകര്യവും വര്‍ധിപ്പിക്കാന്‍ ആരോഗ്യ മേഖലയില്‍ സ്വീകരിക്കേണ്ടുന്ന ഇടപെടലുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ പങ്കെടുത്തവര്‍ സമിതിയെ ബോധ്യപ്പെടുത്തി. ഇടമലക്കുടിയിലെ ചികിത്സാ സൗകര്യങ്ങള്‍ സംബന്ധിച്ചും സമിതി വിലയിരുത്തല്‍ നടത്തി. ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടന്ന യോഗത്തിന് ശേഷം സമിതി ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സെന്ററിലെ ജീവനക്കാരുമായും ചികിത്സയില്‍ ഉണ്ടായിരുന്ന രോഗികളുമായും സമിതിയംഗങ്ങള്‍ ആശയവിനിമയം നടത്തി. സെന്ററിന്റെ സ്ഥല സൗകര്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തി.