പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും യോഗം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡിസംബര്‍ 2 ന് രാവിലെ 11 മണിക്ക് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കൂടിയായ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നടത്തും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകനും കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുമായി എസ്. വെങ്കടേശപതിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വോട്ടര്‍ പട്ടിക സമ്മറി റിവിഷന്‍ പുരോഗതി അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.

വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഡിസംബര്‍ 3, 4 തീയതികളില്‍ സ്പെഷ്യല്‍ ക്യാമ്പയിനുകള്‍ നടത്തുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കല്‍, തെറ്റു തിരുത്തല്‍, ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവക്ക് ക്യാമ്പുകളില്‍ പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഈ ക്യാമ്പുകള്‍ക്ക് മുന്നോടിയായാണ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെ ബൂത്ത് ലെവല്‍ ഏജന്റുമാരെ ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിച്ചിട്ടുള്ളത്.