ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ – കൈതപ്പാറ – മണിയാറൻകുടി റോഡിന്റെ നിർമ്മാണം സംബന്ധിച്ച് ഫീൽഡ് പരിശോധന നടത്തി ഡിസംബർ 6ന് മുൻപായി അന്തിമ സ്‌കെച്ച് തയ്യാറാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഉടുമ്പന്നൂർ – കൈതപ്പാറ, കൈതപ്പാറ – മണിയാറൻകുടി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ച് നിലവിൽ ആറ് മീറ്റർ ലഭ്യമാകുന്നതും മരങ്ങൾ മുറിക്കേണ്ടതില്ലാത്തതുമായ സ്ഥലങ്ങൾക്ക് വനം വകുപ്പ് നിരാക്ഷേപ പത്രം നൽകുവാനും വീതികുറവുള്ള ഭാഗങ്ങളിൽ ആവശ്യമാകുന്ന സ്ഥലം തിട്ടപ്പെടുത്തി കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി പരിവേഷ് പോർട്ടൽ വഴി അപേക്ഷിക്കാനും തീരുമാനിച്ചു.

വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഒരാഴ്ച മുൻപ് ഇടുക്കിയിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിലും ഈ കാര്യം ചർച്ച ചെയ്തിരുന്നു. യോഗത്തിൽ പങ്കെടുത്ത ജലവിഭവ വകുപ്പുമന്ത്രി റോഡ് യാഥാർത്ഥ്യമാക്കുന്നതിന് സ്വീകരിക്കാവുന്ന വിവിധ നടപടികൾ വിശദീകരിച്ചു. ഇത് ജില്ലയുടെ പൊതുതാൽപര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആകെ 19 കി.മീ. വരുന്ന റോഡ് പ്രധാൻ മന്ത്രി ഗ്രാമീൺ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി നിർമ്മിക്കാനാണ് നിലവിലെ നിർദ്ദേശം. യോഗത്തിൽ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, വനം വകുപ്പ് അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, ഇടുക്കി ജില്ലാ കളക്ടർ,  ഹൈറേഞ്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് എഞ്ചിനീയർ തുടങ്ങി വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.