അടുത്ത അധ്യയന വർഷം മുതൽ നഴ്സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കോവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം കൂടുതൽ പേർക്ക് നാഴ്സിങ് മേഖലയിൽ കടന്നുവരാൻ ഇതുവഴി സാധിക്കും. ന്ഴ്സിങ് മേഖലയിലെ വിദ്യാഭ്യാസത്തിന് വിവിധ തരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ ഇതിനിടെ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു. പലപ്പോഴും സ്വന്തം ജീവൻ പണയംവെച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെയുണ്ടാകുന്ന അതിക്രമ സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, മന്ത്രി വ്യക്തമാക്കി.
കോവിഡ് 19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ,ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണം സംഭവിച്ചവർക്കാണ് കേരള നഴ്സസ്സ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ വീതം കുടുംബത്തിന് ധനസഹായം കൈമാറിയത്. കോവിഡ് ബാധിച്ച് മരണപ്പെട്ട വർക്കല താലൂക്ക് ആശുപത്രിയിലെ സരിത പി എസ്, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ട ഗായത്രി ദേവി.എസ്, 108 ആംബുലൻസ് സർവ്വീസിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ട മെൽബിൻ ജോർജ്ജ്, ആസ്റ്റർ മലബാർ മെഡിസിറ്റിയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഡ്യൂട്ടിക്ക് പോകുമ്പോഴുണ്ടായ അപകടത്തിൽ മരണപ്പെട്ട ദിവ്യ ജോർജ്ജ്, ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ആഷിഫ്.എ.എ എന്നിവരുടെ കുടുംബത്തിനാണ് ധനസഹായം നൽകിയത്.
ആദ്യ ഘട്ട ധനസഹായ വിതരണമാണ് നൽകിയത്. ഡിസംബർ 31 വരെ അപേക്ഷകൾ സമർപ്പിക്കുന്നതിന് സമയം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ച 5 കുടുംബങ്ങൾക്കാണ് 2 ലക്ഷം രൂപ വീതം കൗൺസിലിന്റെ ഫണ്ടിൽ നിന്നും ധനസഹായം കൈമാറിയിട്ടുള്ളത്. ആരോഗ്യ വകുപ്പ് ഡയറക്ടർ വി മീനാക്ഷി അധ്യക്ഷയായി. കേരള നഴ്സസ്സ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ പ്രസിഡന്റ് ഉഷ ദേവി പി, രജിസ്ട്രാർ പ്രൊഫ.സുലേഖ.എ.റ്റി, വൈസ് പ്രസിഡന്റ് ഉഷ.റ്റി.പി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, നഴ്സിംഗ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.സലീനാ ഷാ, നഴ്സിംഗ് സർവ്വീസ് അഡീഷണൽ ഡയറക്ടർ ശോഭന.എം.ജി എന്നിവർ പ്രസംഗിച്ചു.