പിന്നോക്ക സമുദായക്കാരുടെ പ്രശ്ന പരിഹാരത്തിനായി കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍നിന്നും മുന്‍പ് സമിതിക്ക് ലഭിച്ച പരാതികളില്‍ ശേഷിക്കുന്ന മൂന്ന് പരാതികളാണ് ഇന്നത്തെ യോഗത്തില്‍ പരിഗണിച്ചത്. അവയില്‍ രണ്ട് പരാതികളില്‍ കിര്‍ത്താഡ്സിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്നും സമിതി അധ്യക്ഷനും എം.എല്‍.എയുമായ പി.എസ് സുപാല്‍ പറഞ്ഞു. ഇന്ന് ലഭിച്ച പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിശോധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമസഭാ സമിതികളില്‍ ലഭിക്കുന്ന പരാതികള്‍ വിവിധ വകുപ്പുകളിലേക്ക് അയക്കുമ്പോള്‍ സമയബന്ധിതമായി മറുപടി ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനമുണ്ടാക്കണമെന്നും അധ്യക്ഷന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, അവര്‍ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും പിന്നോക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും സ്വീകരിച്ചു. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി യോഗത്തില്‍ ചര്‍ച്ച നടത്തി. സമിതി അംഗങ്ങളും എം.എല്‍.എമാരുമായ കുറുക്കോളി മൊയ്തീന്‍, ജി. സ്റ്റീഫന്‍, തോമസ്.കെ തോമസ്, അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, എ.ഡി.എം മുഹമ്മദ് റഫീഖ്.സി, ഡിസിപി ഡോ.എ ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.