സങ്കുചിതമായ ദേശസ്‌നേഹത്തിന്റെയും അസഹിഷ്ണുതയുടെയും സ്ഥാനത്ത് മാനവികതയുടെ അതിരുകളില്ലാത്ത ലോകത്തിന്റെ പിറവിയെ സ്വപ്നം കാണുന്ന നാടകമാണ് ഹൈസ്‌കൂള് വിഭാഗം മലയാള നാടക മത്സരത്തില് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര് സെക്കണ്ടറി സ്‌കൂളിന്റെ ‘ബൗണ്ടറി’എന്ന നാടകം.

വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ആക്രോശങ്ങള്ക്കിടയില് കലാ-കായിക മത്സരങ്ങള് ഉള്പ്പെടെയുള്ള മനുഷ്യന്റെ എല്ലാ ആവിഷ്‌കാരങ്ങളുടെയും അന്തര്ധാര സ്‌നേഹവും സാഹോദര്യവുമാണെന്ന് നാടകം വിളിച്ചു പറയുന്നു. സങ്കുചിതമായ മതബോധവും ദേശീയതയും ഒരുപോലെ ആപല്ക്കരമാണെന്ന സന്ദേശവും നാടകം നല്കുന്നു.
യുക്ത അനില്, ഹേതിക ആര് എസ്, ആവണി എസ്, റിയ സുധീര്, ദീക്ഷിത്, ദേവാഞ്ജന എസ് മനോജ്, നേഹ സാല്വിയ ബി എസ്, മിത്രബിന്ദ, എയ്ഞ്ചല് ബി ദീഷ്, ഗൗതം സാരംഗ് എന്നിവരാണ് അഭിനേതാക്കളായി അരങ്ങില് എത്തിയത്. റഫീഖ് മംഗലശ്ശേരിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്വ്വഹിച്ചത്.
യു.പി. വിഭാഗത്തിലും നാടക കിരീടം മേമുണ്ടയ്ക്കായിരുന്നു. ഹൈസ്‌കൂള് വിഭാഗത്തിലും നാടക മത്സരത്തില് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.