*സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം ചേര്‍ന്നു
കര്‍ഷകരുടെയും സൂക്ഷ്മ സംരംഭകരുടെയും വായ്പകള്‍ക്ക് ഒരുവര്‍ഷത്ത മോറട്ടോറിയം അനുവദിക്കുന്നതിനും ഹ്രസ്വകാല വായ്പകളുടെ കാലാവധി നീട്ടി  പുന: ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. പ്രളയ ബാധിതരുടെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിനുശേഷം  വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ക്കും കര്‍ഷകര്‍ക്കും വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനവും ആസ്തികളും നഷ്ടപ്പെട്ട അവസ്ഥയാണ്. അവരെ സഹായിക്കാന്‍ ബാങ്കുകള്‍ ഉദാരമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. പുതിയ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ബാങ്കര്‍മാര്‍ക്ക് പ്രചോദനകരമായ  നടപടികളും സ്വീകരിക്കണം.  ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന്  ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ സഹകരണത്തോടെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം നടപ്പാക്കണം. നബാര്‍ഡ് കൂടുതല്‍ വായ്പകള്‍ അനുവദിക്കാമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നബാര്‍ഡിന്റെ പുനര്‍വായ്പകള്‍ 40 ശതമാനം മുതല്‍ 65 ശതമാനം വരെ ഉയര്‍ത്തിയാല്‍ നാലു ശതമാനം വരെ പലിശ കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരില്‍ ഭൂരിഭാഗവും ഇന്‍ഷുര്‍ ചെയ്യാത്തവരാണ്. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സും പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കാനും നഷ്ടപ്പെട്ട കെ.വൈ.സി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് ഒരുലക്ഷം രൂപ വരെ കണ്‍സ്യൂമര്‍ ലോണ്‍  അനുവദിക്കണമെന്നും ബാങ്കേഴ്സ് കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടങ്ങളുടെ അവസാനകണക്ക് താമസിയാതെ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിത നിവാരണത്തിനും കേന്ദ്രം ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ന്യായമായി പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.ബി.ഐ റീജിയണല്‍ ഡയറക്ടര്‍ എസ്എംഎന്‍ സ്വാമി, കേന്ദ്ര ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി ദേബശിഷ് പാണ്ഡേ, എസ്എല്‍ബിസി കണ്‍വീനറും കാനറാ ബാങ്ക് ജനറല്‍ മാനേജരുമായ ജി.കെ. മായ, കാനറാബാങ്ക് എക്സിക്യുട്ടിവ് ഡയറക്ടര്‍ പി.വി. ഭാരതി തുടങ്ങിയവര്‍ സംബന്ധിച്ചു.