* സമാനതകളില്ലാത്ത കൈത്താങ്ങ്

പ്രളയം തകർത്ത കുട്ടനാടിന്റെ ശുചീകരണത്തിനായി കൈലിയും മുണ്ടും ബർമുഡയുമൊക്കെയിട്ട് ഒരേ മനസോടെ ഇറങ്ങിയത് ആയിരങ്ങൾ. ജനങ്ങൾക്കൊപ്പം അതേ വേഷത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടി ചേർന്നതോടെ ഒരു ജനതയുടെ അതിജീവനത്തിനായുള്ള കൂട്ടായ്മ രാജ്യത്തിനു തന്നെ മാതൃകയായി. എല്ലാവർക്കും ഒരേ ലക്ഷ്യവും മനസുമായിരുന്നു – പ്രളയബാധിതരായ സഹോദരങ്ങളെ തിരികെ വീടുകളിലെത്തിക്കണം.
”ഞാൻ ഈ വീട്ടിൽ എന്തു ചെയ്യാനാണ്. എങ്ങനെ ഇതൊക്കെ വൃത്തിയാക്കും,” നെടുമുടി സെന്റ് മേരീസ് ക്യാമ്പിൽ കഴിഞ്ഞിരുന്ന സരിതയുടെ വിങ്ങലായിരുന്നു കുട്ടനാട്ടുകാരോരുത്തർക്കും. സരിതയുടെ വീട് വൃത്തിയാക്കിയത് പുനലൂർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഷഹിർഷയുടെ നേതൃത്വത്തിലായിരുന്നു. ”ഞങ്ങളതിനല്ലേ വന്നിരിക്കുന്നത്,” സരിതയെപ്പോലുള്ളവരുടെ ആവലാതികൾ കേട്ടപ്പോൾ ഷഹിർഷ പ്രതികരിച്ചു. കുട്ടനാടിനെ വൃത്തിയാക്കാനെത്തിയ ഓരോ സന്നദ്ധ പ്രവർത്തകരിലും ഷഹിർഷായുടെ ആത്മവിശ്വാസം നിറഞ്ഞിരുന്നു.
കുട്ടനാടിനൊപ്പം അപ്പർകുട്ടനാട്ടിലും ചെങ്ങന്നൂരിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കുട്ടനാട്ടിൽ കൈനകരി പഞ്ചായത്ത് ഒഴികെയുള്ള സ്ഥലങ്ങളിലുള്ളവർ ഇന്നലെ (ആഗസ്റ്റ് 29) വീടുകളിലേക്ക് മടങ്ങി. അഞ്ച് ദിവസം മുമ്പായിരുന്നു ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്തത്. കാസർകോടു മുതൽ പാറശാല വരെയുള്ളവർ വിവരമറിഞ്ഞ് വണ്ടികളിൽ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വന്നിറങ്ങി. അര ലക്ഷത്തിലധികം പേരാണ് ശുചീകരണത്തിൽ പങ്കാളികളായത്.
മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, ജി. സുധാകരൻ, പി. തിലോത്തമൻ, വി. എസ്. സുനിൽകുമാർ എന്നിവരും ഈ പ്രവൃത്തിയിൽ കൈകോർത്തു. വീടുകൾക്കൊപ്പം ശുചീകരണത്തിന്റെ ആദ്യ ദിനത്തിൽ സ്‌കൂളുകൾ, ആശുപത്രികൾ അടക്കമുള്ള പൊതുസ്ഥലങ്ങളും വൃത്തിയാക്കി. ഇങ്ങനെയൊരു മഹായജ്ഞം പ്രഖ്യാപിച്ചതോടെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഓൺലൈൻ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. ബന്ധപ്പെടാൻ ഫോൺ നമ്പറുകളും നൽകി. ഇതോടൊപ്പം മന്ത്രി ഡോ. ടി. എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും യുവാക്കൾക്കുൾപ്പെടെ പ്രചോദനമായി. നവമാധ്യമങ്ങളിൽ സന്ദേശം വൈറലായതോടെ ആശ്ചര്യപ്പെടുത്തുന്ന പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽ നിന്ന് ലഭിച്ചത്. ”ആദ്യം തന്നെ 2700 പേർ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ദിവസം നേരിട്ടെത്തി 13,000 പേർ രജിസ്റ്റർ ചെയ്യുകയുണ്ടായി. എന്നാൽ രജിസ്റ്റർ ചെയ്യാതെ സന്നദ്ധസേവനത്തിനെത്തിയത് ആയിരക്കണക്കിനാളുകളാണ്,” സന്നദ്ധ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച ജോയി പറഞ്ഞു. മലയാളി സഹപാഠികളിൽനിന്ന് വിവരമറിഞ്ഞ് ഇതരസംസ്ഥാന വിദ്യാർഥികളുൾപ്പെടെ രജിസ്റ്റർചെയ്ത് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ഡോക്ടർമാർ, എൻജിനിയർമാർ, തൊഴിൽ നൈപുണ്യമുള്ളവർ, പ്ലംബിങ്, വയറിങ് ജോലിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീക്കാർ തുടങ്ങി എല്ലാവരും ഈ ദിവസത്തിനായി കാത്തിരുന്ന പോലെ മറ്റെല്ലാം മാറ്റിവച്ചാണ് ആലപ്പുഴയ്‌ക്കെത്തിയത്. ഡൈവിംഗ് സംഘങ്ങളും പാമ്പു പിടുത്തക്കാരും വരെ പങ്കാളികളായി. ”പാമ്പുകളായിരുന്നു വലിയ ഭീഷണി. ഒരു വീട് വൃത്തിയാക്കുന്നതിനിടെ വലിയൊരു കെട്ട് മുറ്റത്തേക്കിട്ടപ്പോൾ അതിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നത് മൂന്ന് മൂർഖനായിരുന്നു,” ശുചീകരണത്തിൽ പങ്കെടുത്ത ശ്രീജിത്ത് പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതലേ ദൂരെനിന്നുള്ളവർ നഗരത്തിലെത്താൻ തുടങ്ങിയിരുന്നു. അവർക്കായി സഹായകേന്ദ്രം തുറന്നു. നിർദേശങ്ങൾ അപ്പപ്പോൾ എല്ലാവരിലുമെത്തിക്കാൻ സംവിധാനമൊരുക്കി. എല്ലാമേഖലയിലും സന്നദ്ധപ്രവർത്തകർ എത്തുന്നുവെന്ന് ഉറപ്പാക്കാൻ കൃത്യമായ വിന്യാസം നടത്തി.
ജില്ലാ പഞ്ചായത്ത് നൽകിയ അമ്പത് ലക്ഷം രൂപയുടെ ശുചീകരണ സാമഗ്രികൾ 16 പഞ്ചായത്തുകളിൽ കൃത്യമായി വിതരണം ചെയ്തു. മൺവെട്ടി, ഇരുമ്പ് ചട്ടി, ചവർ വരണ്ടി, വെട്ടുകത്തി, കുത്തിരുമ്പ്, മൺകോര, പ്ലാസ്റ്റിക് കുട്ട, പ്ലാസ്റ്റിക് ബക്കറ്റ്,മഗ്, കോരി, ചൂൽ, വൈപ്പർ, പ്ലാസ്റ്റിക് ബ്രഷ്, അയൺ ചൂല്, മോപ്പ്, കോട്ടൺ വേസ്റ്റ്, കാലുറ, കൈയുറ എന്നിവയാണ് വിതരണം ചെയ്തത്. ഓരോ സംഘത്തിനും പോകാൻ ബോട്ടുകളും ബസുകളും ബാർജുകളും ടിപ്പർ ലോറികളുമുൾപ്പെടെ വാഹനങ്ങൾ സജ്ജമാക്കി. എല്ലാമേഖലയിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കി.
ശുചീകരണം നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും ചികിൽസാ സൗകര്യമുറപ്പാക്കിയിരുന്നു. ബോട്ടുകളിൽ മെഡിക്കൽ സംഘത്തിന്റെ പട്രോളിംഗുമുണ്ടായിരുന്നു. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകൾ സന്നദ്ധസേവകർക്കായി നൽകി.
ആലപ്പുഴയിലെ വെള്ളം കയറിയ നസ്‌കൂളുകൾ ശുചിയാക്കി സെപ്റ്റംബർ മൂന്നോടെ തുറക്കാനാവുമെന്നാണ് കരുതുന്നത്. ആലപ്പുഴ മേഖലയിൽ 50,000 നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചു.