പ്രളയാനന്തര വയനാടിന്റെ പുനര്‍സൃഷ്ടിക്കായി നടത്തുന്ന മിഷന്‍ ക്ലീന്‍ വയനാട് ഏകദിന ശുചീകരണ മഹായജ്ഞത്തില്‍ ശുചീകരണത്തിന് കൈകോര്‍ക്കുന്നവരുടെ എണ്ണം 30,000 കവിഞ്ഞു. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ശുചീകരണം നടക്കും. എം.ഐ ഷാനവാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളകട്ര്‍ വി. കേശവേന്ദ്രകുമാര്‍ എന്നിവര്‍ വൈത്തിരിയില്‍ ശുചീകരണം നടത്തും. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 25,000 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ അണിനിരക്കും. ഗ്രാമ പ്രദേശങ്ങളിലെ ഓരോ വാര്‍ഡിലും 60 പേരെയും, നഗരപ്രദേശങ്ങളില്‍ 150 പേരെയും വിന്യസിക്കും. ആദിവാസി സാക്ഷരതാ പദ്ധതിയിലെ 1200 പഠിതാക്കള്‍, 500 ഇന്‍സ്ട്രക്ടര്‍മാര്‍, 65 പ്രേരക്മാര്‍ തുടങ്ങിയവരും പങ്കെടുക്കും.
പ്രത്യേകം പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് പുഴകള്‍ ശുദ്ധീകരിക്കുക. വൈത്തിരി മുതല്‍ പൊഴുതന വരെയുളള പുഴകള്‍ വയനാട് സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് അഡ്വഞ്ചര്‍ അക്കാഡമിയുടെ നേതൃത്വത്തിലും, പൊഴുതന മുതല്‍ പനമരം വരെ കോഴിക്കോട് ഫൈറ്റ് ഫോര്‍ ലൈഫ് എന്ന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ ശുദ്ധീകരിക്കും. ജില്ലക്ക് വെളിയില്‍ നിന്ന് 1300 സന്നദ്ധപ്രവര്‍ത്തകര്‍ സേവനത്തിനായി എത്തുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സ്ഥിതിചെയ്യുന്ന വാര്‍ഡിലെ ശുചീകരണത്തിന് പങ്കാളിയാകും. ഒരോ വാര്‍ഡുകളിലും മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് ശുദ്ധീകരണം. ശുചീകരണ പ്രവര്‍ത്തനത്തിനാവശ്യമായ സാമഗ്രികള്‍ ഓരോ വാര്‍ഡുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ആമ്പുലന്‍സ്, പ്രതിരോധ മരുന്നുകള്‍ എന്നീ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കും. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെ ശേഖരിക്കും. ഇവ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശുചീകരണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുളള ജില്ലാ ഭരണകൂടത്തിന്റെ അനുമോദന പത്രം ഗ്രാമ/നഗരസഭാ കേന്ദ്രത്തില്‍ നിന്നും നല്‍കും. ജില്ലക്ക് പുറത്ത് നിന്നെത്തുന്നവരെ സഹായിക്കാനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിട്ടുണ്ട്. ഫോണ്‍. 9946831533, 8606742880, 9400953505, 9744720472.