ഉത്തര ആഫ്രിക്കയിലും മധ്യ പൂർവ്വ ദേശത്തും 2010 ൽ ആരംഭിച്ച പ്രതിഷേധ പരമ്പരകളായ അറബ് വസന്തത്തിന് ശേഷം ടുണീഷ്യയിൽ നിർമ്മിച്ച ആദ്യ ചിത്രം ഹർഖ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. പ്രക്ഷോഭ കാലത്തെ പോലീസ് പീഡനത്തിൽ പ്രതിഷേധിച്ച് ടുണീഷ്യയിൽ ആത്മഹത്യ ചെയ്ത മുഹമ്മദ് ബൂഅസിസിയുടെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കൻ സംവിധായകൻ ലൊട്ട്ഫി നതാനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നിരോധിത വാതകം വിറ്റ് ഉപജീവനം നടത്തുന്ന ദരിദ്രനായ ഒരു ടുണീഷ്യൻ യുവാവ് നിത്യജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളും നീതികേടുകളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇത്തവണ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം രാജ്യാന്തര മേളയിൽ ലോക സിനിമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.