മാലിന്യ നിർമാർജ്ജനം ലക്ഷ്യമിട്ട് സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി സ്വച്ഛതാ റൺ പരിപാടിയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്. ശുചിത്വത്തിൽ ഒന്നാമതായി ഓടിയെത്താം എന്ന സന്ദേശവുമായി സെൻ്റ്.ജോർജ് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം, മാലിന്യം വലിച്ചെറിയുന്നതിനെതിരെ അവബോധം സൃഷ്ടിക്കുക, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെയുള്ളവ കത്തിക്കാതിരിക്കുക, കക്കൂസ് മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, തുടങ്ങി മാലിന്യ സംസ്കരണ ബോധവൽക്കരണം വിളിച്ചോതുന്ന പരിപാടിയാണ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഞ്ചായത്ത് നടത്തിയത്. മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യം പറയുന്ന പോസ്റ്ററുകളും ബാനറുകളുമായി കുട്ടികൾ റാലിയിൽ അണിനിരന്നു. തുടർന്ന് ശുചിത്വവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും എടുത്തു.

പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ് പരിപാടി ഉദ്ഘാടനം ചെയ്തു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പിസി അയ്യപ്പൻ അധ്യക്ഷ വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹിനി കുട്ടൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാഖി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന ഡേവിസ്, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.