ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പിവിസി ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍ എന്നിവ കല്‍പ്പറ്റ നഗരസഭ പരിധിയില്‍ സ്ഥാപിക്കുവാന്‍ പാടില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പ്രചരണത്തിലും മത്സരം വീക്ഷിക്കുന്നതിനും പൊതുകൂട്ടായ്മകള് സംഘടിപ്പിക്കുന്ന ഇടങ്ങളിലും ഹരിതച്ചട്ടങ്ങൾ നിർബന്ധമായും പാലിക്കണം. അപകടരഹിതമായ രീതിയില്‍ പരസ്യബാനറുകള്‍ സ്ഥാപിക്കുമ്പോള്‍ നിരോധിത വസ്തുക്കളായ പിവിസി ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് എന്നിവയില്‍ നിര്‍മ്മിക്കാന്‍ പാടില്ല. പകരം കോട്ടന്‍ തുണി, പേപ്പര്‍, പോളി എത്തിലിന്‍ എന്നിവയില്‍ നിര്‍മ്മിക്കാം. ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍ എന്നിവയിൽ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും പ്രിന്റിങ് യൂണിറ്റിന്റെ പേരും പതിച്ചിരിക്കണം. ഫൈനല്‍ മത്സരം കഴിഞ്ഞാല്‍ പ്രചരണോപാധികൾ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം.
