90 ശതമാനം ശുചീകരണം പൂർത്തിയായി

ആലപ്പുഴ: കുട്ടനാടിന്റെ കണ്ണീരൊപ്പാൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാ ശുചീകരണം രണ്ടാം ദിവസം പിന്നിടുമ്പോൾ കൈനകരിയിലെ ഭാഗികമായ ശുചീകരണം ഒഴിവാക്കിയാൽ കുട്ടനാട്ടിലെ 90 ശതമാനം വീടുകളിലും ശുചീകരണം പൂർത്തിയാക്കി. പ്രതീക്ഷകൾക്കപ്പുറമുള്ള ജനകീയ-സന്നദ്ധസംഘടന-ഉദ്യോഗസ്ഥ കൂട്ടായ്മയിലൂടെയാണ് ഈ വലിയ നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞത്. കൈനകരിയിൽ ഭാഗികമായി മാത്രമേ വീടുകളുടെ ശുചീകരണം നടന്നിട്ടുള്ളു.
സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണം കൂടാതെ തദ്ദേശവാസികൾ തങ്ങളുടേതായ നിലയിൽ നടത്തിയ ശുചീകരണവും ഇതിൽപ്പെടും. ശുചീകരണ ദൗത്യത്തിന് നിയോഗിക്കപ്പെട്ടവരുടെ നേതൃത്വത്തിൽ ഇന്നലെ വരെ 60,704 വീടുകളാണ് ശുചീകരിച്ചിട്ടുള്ളത്. 633 പൊതുസ്ഥാപനങ്ങളും 123 സ്‌കൂളുകളും 342 പൊതുസ്ഥലങ്ങളും ശുചീകരിക്കാൻ കഴിഞ്ഞു. വൻ ജനകീയ പങ്കാളിത്തമാണ് എല്ലാ മേഖലയിൽനിന്നും ഉണ്ടായത്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ശുചീകരണ ദൗത്യം അരങ്ങേറിയത്. ദിവസങ്ങളോളം ഇവിടെ ചെലവഴിച്ചാണ് ഇവർ ദൗത്യത്തിന് മാർഗ്ഗനിർദ്ദേശം നൽകിയത്.
ശുചീകരണം തുടങ്ങിയ ആദ്യ ദിവസം 28757 വീടുകളും 288 പൊതുസ്ഥാപനങ്ങളും 52 സ്‌കൂളുകളും 122 പൊതുസ്ഥലങ്ങളും വൃത്തിയാക്കി. രണ്ടാം ദിവസമായ ഇന്നലെ മാത്രം 31947 വീടുകളും 345 പൊതുസ്ഥാപനങ്ങളും 71 സ്‌കൂളുകളും 220 പൊതുസ്ഥലങ്ങളും ശുചീകരിച്ചു. ഇതിനുപുറമേയാണ് വിവിധ സന്നദ്ധസംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ, വിദ്യാർഥി പ്രസ്ഥാനങ്ങൾ, ഇതിലൊന്നുംപെടാതെ സ്വയം സന്നദ്ധരായി വന്ന ആയിരക്കണക്കിന് ചെറുപ്പക്കാർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം.