നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശപ്രകാരം, വിദേശ മെഡിക്കൽ ബിരുദധാരികൾ, ഇനി മുതൽ അവരുടെ ഇന്റേൺഷിപ്പ് കമ്മീഷൻ അംഗീകരിച്ച മെഡിക്കൽ കോളജുകളിൽ നടത്തണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതാണ്. അതു പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്കായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും 2020 ജനുവരി ഒന്നു മുതൽ 2022 നവംബർ 30 വരെയുള്ള കാലയളവിൽ താല്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടി ഇതുവരെ ഇന്റേൺഷിപ്പ് തുടങ്ങാത്തവരുടെയും, ഇപ്പോൾ ഇന്റേൺഷിപ്പ് ചെയ്തു വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളുടെയും, സമാന സ്വഭാവമുള്ളവരുടേയും വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടിക കൗൺസിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പട്ടികയിൽ ഉൾപ്പെട്ട ഇന്റേൺഷിപ്പ് തുടങ്ങാത്തവരും, ഇപ്പോൾ വിവിധ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് തുടർന്നു വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളും അവരുടെ ഇന്റേൺഷിപ്പിന്റെ തൽസ്ഥിതി അടിയന്തിരമായി ഡിസംബർ 07 നകം കൗൺസിൽ നൽകിയിട്ടുള്ള ഗൂഗിൽ ഫോമിൽ വെബ്സൈറ്റ് മുഖേന സമർപ്പിക്കണം. താത്കാലിക രജിസ്ട്രേഷന് അപേക്ഷ നൽകി, നാളിതുവരെ താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും ഗൂഗിൾ ഫോമിലൂടെ തൽസ്ഥിതി രേഖപ്പെടുത്തണം.

വെബ്സെറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയിൽ എന്തെങ്കിലും പരാതികൾ ഉള്ള പക്ഷം, മേൽ തീയതിയ്ക്ക് മുൻപ് തന്നെ കൗൺസിലുമായി ബന്ധപ്പെടേണ്ടതും, ആയത് പരിഹരിച്ച് ഗൂഗിൾ ഫോം പൂർത്തീകരിച്ച് വെബ്സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്. ഇതിനായി കൗൺസിലിന്റെ ഇ-മെയിൽ (fmgcrmiallotment@gmail.com) സംവിധാനം ഉപയോഗപ്പെടുത്താവുന്നതും, സംശയ നിവാരണം നേടാം. ഡിസംബർ 7ന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ വെബ് സൈറ്റ് സന്ദർശിക്കുക (www.medicalcouncil.kerala.gov.in).