അറിവാണ് ലഹരി എന്ന സന്ദേശമേകി സംസ്ഥാനത്തെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്‌നോത്തരി മധ്യമേഖലാ മത്സരം നാളെ (ഡിസംബർ 2) കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അധ്യക്ഷത വഹിക്കും. ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും ഫോട്ടോ പ്രദർശനവും രാവിലെ 9.30ന് ആരംഭിക്കും.
മത്സരത്തിനുവേണ്ടിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന് ആരംഭിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ള ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികളും, രജിസ്റ്റർ ചെയ്തവരും സ്‌കൂൾ/കോളജ് തിരിച്ചറിയൽ രേഖയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിൽ എത്തണം.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ടു പേരടങ്ങിയ എത്ര ടീമുകൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കാണ് മധ്യമേഖലാ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളത്.
ഫൈനൽ മത്സര വിജയികൾക്ക് ഒരു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 50,000 രൂപയാണ് രണ്ടാം സമ്മാനം. മികവു പുലർത്തി എത്തുന്ന മറ്റ് നാലു ടീമുകൾക്ക് 10,000 രൂപ വീതം നൽകും.
മേഖലാതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 5,000 രൂപ. കൂടാതെ സർട്ടിഫിക്കറ്റുകളും നൽകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.keralamediaacademy.org, 9447225524, 9633214169.