സാമൂഹ്യനീതി വകുപ്പിനുകീഴിൽ കൊല്ലം മയ്യനാട് ആരംഭിക്കുന്ന ട്രാൻസിറ്റ് ഹോം ഉദ്ഘാടനം ഇന്ന് (ഡിസംബർ 2) രാവിലെ 11 ന് ഉന്നതവിദ്യാഭ്യാസ – സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എംഎൽഎ അധ്യക്ഷനാകും. നൈജീരിയൻ സ്വദേശികളായ രണ്ടുപേർ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി നടത്തിയ ഇടക്കാലവിധികളുടെ അടിസ്ഥാനത്തിലാണ് ട്രാൻസിറ്റ് ഹോം ആരംഭിക്കുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്പോർട്ട്, വിസ കാലാവധിക്കു ശേഷം രാജ്യത്ത് തുടരുന്നവരെയും, ശിക്ഷാകാലാവധിക്ക് ശേഷമോ പരോളിലോ ജയിൽമോചിതരാകുകയോ ചെയതവർ, മറ്റുവിധത്തിൽ സംരക്ഷണം വേണ്ടവർ എന്നിങ്ങനെയുള്ള വിദേശപൗരന്മാർക്കുള്ള താല്ക്കാലിക താമസ സൗകര്യമൊരുക്കാൻ ട്രാൻസിറ്റ് ഹോമുകൾ ആരംഭിക്കണമെന്ന് ഹെക്കോടതി ഇടക്കാല ഉത്തരവുകളിൽ പറഞ്ഞിരുന്നു.

2020 ൽ പുറപ്പെടുവിച്ച വിധിയിൽ നൽകിയ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പിന് കീഴിൽ തൃശ്ശൂരിലെ പൂങ്കുന്നത്ത് 2021 മെയ് 13 മുതൽ വാടകക്കെട്ടിടത്തിൽ താൽക്കാലികമായി ട്രാൻസിറ്റ് ഹോം ആരംഭിച്ചിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനുവലിന്റെ അടിസ്ഥാനത്തിൽ മാർഗ്ഗരേഖയുണ്ടാക്കി രണ്ട് ട്രാൻസിറ്റ് ഹോമുകൾ താൽക്കാലികമായി ആരംഭിക്കാനുള്ള നിർദ്ദേശം  സാമൂഹ്യനീതി ഡയറക്ടർ സമർപ്പിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ആഭ്യന്തരവകുപ്പിന് കീഴിൽ പോലീസ് വകുപ്പിന്റെ നിയന്ത്രണത്തിൽ താൽക്കാലികമായി  ആരംഭിച്ച ട്രാൻസിറ്റ് ഹോമിന് പകരം കെട്ടിടം കണ്ടെത്താൻ നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസിറ്റ് ഹോം ആരംഭിക്കുന്നത്.