മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ഏതൊരു മകന്റെയും മകളുടെയും കടമയാണെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും  സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹം പകരം വയ്ക്കാന്‍ കഴിയാത്തതാണ്.  അവരാണ് നമ്മുടെ ഊര്‍ജവും ശക്തിയും. മക്കള്‍ക്ക്  വിദ്യാഭ്യാസം നല്‍കി അവരെ വളര്‍ത്തി വലുതാക്കി സ്വയം പ്രാപ്തരാക്കിയ ശേഷം മാതാപിതാക്കളെ വേണ്ടാതാകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നു. കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനായി 2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം നിലവിലുണ്ട്. ഇത് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്ക് നിയമപരമായുള്ള ശിക്ഷ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പും റെഡ് ക്രോസ്, റോട്ടറി ക്ലബ് തുടങ്ങിയ സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണ്. ഗാന്ധിഭവന്‍, മഹാത്മാ ജനസേവനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളില്‍ പ്രായമായവര്‍ എല്ലാ സൗകര്യങ്ങളോടെയും സന്തോഷത്തോടെയും കഴിയുന്നു. തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നിര്‍ധന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നല്‍കിയ മണ്ണടി ചൂരക്കാട്ടില്‍ വീട്ടില്‍ ചന്ദ്രമതി അമ്മയെ(77) ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ ആദരിച്ചു.

അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി. സജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അടൂര്‍  ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള,  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. ഷംലാ ബീഗം, റോട്ടറി ക്ലബ് ജില്ലാ ചെയര്‍മാന്‍ കെ.പി. സുധാകരന്‍ പിള്ള, അടൂര്‍ റെഡ് ക്രോസ് സെക്രട്ടറി മോഹനന്‍ ജെ നായര്‍, മഹാത്മ ജനസേവകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, അടൂര്‍ തഹസില്‍ദാര്‍ ജി.കെ. പ്രദീപ്, ആര്‍ഡിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. സുദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അദാലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഒരേസമയം പരമാവധി പരാതികള്‍ പരിഗണിക്കുന്നതിനായി എട്ടു കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ആകെ 74 പരാതികള്‍ ലഭിച്ചതില്‍ 45 പരാതികള്‍ തീര്‍പ്പാക്കി.