ആലപ്പുഴ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 3-ന് ‘ഉണര്‍വ് 2022’ എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പേരില്‍ വിവിധ പരിപാടികള്‍ നടത്തും.
വാരാചരണത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ നഗരസഭ ടൗണ്‍ ഹാളില്‍ ഡിസംബര്‍ മൂന്നിന് രാവിലെ 9-ന് എച്ച്.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും അഡ്വ. എ.എം. ആരിഫ് എം.പിയും സഹചാരി അവാര്‍ഡ് വിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യും നിര്‍വഹിക്കും. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഭിന്നശേഷി വാരാചരണ പുരസ്‌ക്കാര വിതരണം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിക്കും. കലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിക്കും.
സബ് ജഡ്ജ് എം.ടി. ജലജ റാണി, സബ് കളക്ടര്‍ സൂരജ് ഷാജി, അഡീഷണല്‍ ജില്ല പൊലീസ് മേധാവി എസ്.ടി. സുരേഷ് കുമാര്‍, ജില്ല സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.വാരാചരണത്തോടനുബന്ധിച്ച് ഭിന്നശേഷി കലാമേളകള്‍, പരാതി പരിഹാര അദാലത്ത്, ക്ഷേമസ്ഥാപനങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍, റീഹാബ് എക്‌സ്പ്രസിന്റെ സേവനം എന്നിവ സംഘടിപ്പിക്കും.