സ്‌കൂള്‍ കുട്ടികളുടെ ഹാജര്‍ വിവരം എസ്.എം.എസ് ആയി രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമായി. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു.
അക്കാദമിക് മികവിലൂടെ മികവുറ്റ വിദ്യാലയങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് ഏറെ സാഹായകരമാണ് പുതിയ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ പഞ്ചായത്തുകള്‍ക്കും ഇതു മാതൃകയാക്കാം. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെല്ലാം സാക്ഷാത്കരിക്കാന്‍ പഞ്ചായത്തുതലത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം വേണം. പരീക്ഷയുടെ എ പ്ലസ് ജീവതത്തിന്റെ എ പ്ലസാക്കുയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഹാജര്‍ നിലയ്‌ക്കൊപ്പം പരീക്ഷാ വിവരങ്ങളും കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങളുംകൂടി കരുതലിന്റെ ഭാഗമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, വി. ജയപ്രകാശ്, ഇ. എസ്. രമാദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, സെക്രട്ടറി കെ. പ്രസാദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷേര്‍ളി, പ്രിന്‍സിപ്പല്‍മാരായ ദീപ, രാജേന്ദ്രന്‍, പി. ടി. എ. അധ്യക്ഷന്‍ കെ. സേതുമാധവന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശ്രീകല, സ്റ്റുഡന്റ് പൊലിസ്, എന്‍. സി. സി കേഡറ്റുകള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
***
കൂട്ടിക്കൂട്ടുകാരുമായി മന്ത്രിയുടെ ചങ്ങാത്തം
കലാലയം തന്നെ എങ്ങനെ പാഠപുസ്തകമാക്കും ?- ഹയര്‍ സെക്കന്ററിയിലെ അഞ്ജനയ്ക്ക് സംശയം. എല്ലാവര്‍ക്കും എന്തെങ്കിലും അറിവു പകരാന്‍ വിദ്യാലയത്തില്‍ തന്നെ സാഹചര്യമൊരുക്കണമെന്ന് ഉത്തരം നല്‍കിയത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയും കുട്ടികളുമായി നടത്തിയ ചങ്ങാത്തം സംവാദത്തിലായിരുന്നു ചോദ്യവും ഉത്തരവും. വെറുതെ ഉത്തരം നല്‍കുക മാത്രമായിരുന്നില്ല മന്ത്രിയിലെ അധ്യാപകന്‍. സ്‌കൂള്‍ മുറ്റത്ത് ഒരു പൂന്തോട്ടമൊരുക്കണം. പൂക്കളുടെ നിരയിലൂടെ കണ്ടെത്താം ലോകത്തിന്റെ വൈവിധ്യം എന്ന ഉദാഹരണം അദ്ദേഹം ഉത്തരത്തോടു ചേര്‍ത്തുവച്ചു.
പ്രഫഷനല്‍ കോളജിലെ വിദ്യാഭ്യാസം കൊണ്ടു മാത്രം തൊഴില്‍ എങ്ങനെ ഉറപ്പക്കുമെന്നായി അടുത്ത സംശയം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നു മാത്രമാണ് തൊഴിലെന്ന് ഉത്തരം. തൊഴിലെടുക്കാനുള്ള കഴിവു വളര്‍ത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
മന്ത്രിയുള്‍പ്പെടുന്ന തലമുറയുടെ വിദ്യാഭ്യാസ കാലഘട്ടവുമായി താരതമ്യം നടത്തി ചോദ്യമുതിര്‍ത്തു മറ്റൊരു വിദ്യാര്‍ഥി. അധ്യാപകരെ കേന്ദ്രീകരിച്ചുള്ളതായിരുന്നു അക്കാലത്തെ വിദ്യാഭ്യാസമെന്ന് മന്ത്രി ഓര്‍ത്തെടുത്തു. ഇന്ന് വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ച് ഓരോ വിദ്യാര്‍ഥിയേയും ഒരു യൂണിറ്റായി കണക്കാക്കി എല്ലാവരുടേയും പഠനം തുല്യമാക്കുന്ന രീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു കൊടുത്തു.