*രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി
സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2020ൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകൃതമാകുമ്പോൾ ആകെ 700 കോടി രൂപയാണ് വർഷത്തിൽ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. എന്നാലത് 1400 കോടിയോളമായി. കഴിഞ്ഞ വർഷം കാസ്പ് പദ്ധതിയിലൂടെ ചെലവായിട്ടുള്ളത് 1400 കോടി രൂപയാണ്. അതിൽ 138 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഏതാണ്ട് ഇരട്ടിയോളം ആൾക്കാർക്ക് സഹായം എത്തിക്കാൻ സാധിച്ചു. കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യുകയും സർക്കാർ ആശുപത്രികളിൽ കാസ്പ് ചികിത്സാ പദ്ധതി നടപ്പിലാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാർക്കായി രൂപം നൽകിയ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ കാസ്പ് അംഗത്വ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരാൾക്ക് രോഗമുണ്ടാകുമ്പോഴുള്ള പ്രതിസന്ധിയാണ് ഭാരിച്ച ചികിത്സ ചെലവ്. ഈ ഭാരിച്ച ചികിത്സാ ചെലവ് ജനങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്നു. ഇത് മുന്നിൽക്കണ്ടാണ് ചികിത്സാ പിന്തുണാ പദ്ധതി സർക്കാർ ആലോചിച്ചതും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയും. മികച്ച ചികിത്സാ സൗകര്യം ഒരുക്കിയതിനാൽ കൂടുതൽ ആൾക്കാർ സർക്കാർ ആശുപത്രികളിലേക്കാണ് പോകുന്നത്. 11 ജില്ലകളിൽ കാത്ത്‌ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ ഏതാനും ദിവസത്തിനുള്ളിൽ ഇത് സജ്ജമാകും. വയനാടും കാത്ത്‌ലാബ് സജ്ജമാകുന്നതാണ്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ വികേന്ദ്രീകൃതമാക്കി താഴെത്തട്ട് ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ ആശുപത്രികൾക്ക് സൗജന്യ പരിരക്ഷ ഉറപ്പ് വരുത്തി. രാജ്യത്ത് തന്നെ ആദ്യമായാണ് കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ഈ സംരഭം. പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കണ്ടെത്തിയിട്ടുള്ള കാഴ്ച പരിമിതരായ കാസ്പ് ഗുണഭോക്താക്കൾക്ക് ബ്രയിൽ ഭാഷയിൽ തയ്യാറാക്കിയതാണ് കാർഡ്. ഏത് കാർഡിലൂടെയും ഇതുപോലെ കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടിയുള്ള മറ്റൊരു ഇടപെടൽ നടത്തിയിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് തന്നെ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്താൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കഴിഞ്ഞു. ഇതിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ടീമിനെ മന്ത്രി അഭിനന്ദിച്ചു.
ഇനിയും ധാരാളം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. അത് തടയാനുള്ള ഏത് ശ്രമുണ്ടായാലും പിന്നോട്ട് പോകില്ല. മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി വ്യക്തമാക്കി.
32 ആശുപത്രികളിൽ സ്ഥാപിച്ച ഡിജിറ്റൽ ഹോർഡിങ്ങുകളുടെ സ്വിച്ച് ഓൺ കർമ്മം, ബ്രയിൽ ഭാഷയിൽ തയ്യാറാക്കിയ കാസ്പ് കാർഡ് ബ്രോഷർ പ്രകാശനം, സൈൻ ഭാഷയിൽ തയ്യാറാക്കിയ പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രകാശനം, കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു.
എസ്.എച്ച്.എ. എക്സി. ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ഹൈദരാബാദ് എഎസ്.സി.ഐ. ഡയറക്ടർ ഡോ. സുബോധ് കണ്ടമുത്തൻ, എസ്.എച്ച്.എ. ജോ. ഡയറക്ടർ ഡോ. ബിജോയ്, മാനേജർ സി. ലത്തീഫ് എന്നിവർ പങ്കെടുത്തു.