60 വിദ്യാലയങ്ങൾ ശില്പശാലയുടെ ഭാഗമായി

കാല്‍ചിലങ്കയുടെ താളത്തിനൊപ്പം പാരമ്പര്യകലകളെയും സംസ്‌കാരത്തെയും അറിയാനും പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയ സ്പിക് മാക്കെ സമേതം പരിപാടിക്ക് ജില്ലയില്‍ സമാപനം.കലാരൂപങ്ങളുടെ തനിമ നിലനിര്‍ത്തി വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പും സ്പിക് മാക്കെയും (സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ് യൂത്ത്) ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്ലാസിക്കല്‍ കലാ ശില്‍പ്പശാല കോടന്നൂർ ആൻറണീസ് യുപി സ്കൂളിൽ സമാപിച്ചു.

പ്രശസ്ത നര്‍ത്തകി അനന്യ പരെദ അടങ്ങുന്ന ആറു നർത്തകരുടെ നൃത്താവിഷ്‌കാരത്തിലൂടെയാണ് ശില്പശാല സമാപിച്ചത്. ആയിരക്കണക്കിന് കുട്ടികളാണ് ശില്പശാലയുടെ ഭാഗമായത്. മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ തെരഞ്ഞെടുത്ത ഒരു ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി അഞ്ചുദിവസം പരിപാടി നടത്താനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മദനമോഹനൻ അറിയിച്ചു.

ശില്പശാലയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ നിർവഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡൻറ് സുബിത സുഭാഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി പോൾ, കോഡിനേറ്റർ ഉണ്ണി വാര്യർ എന്നിവർ പങ്കെടുത്തു.