കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ 2023 – 2024 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം. ഇതിന്റെ ഭാഗമായി ആസൂത്രണ സമിതി അംഗങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പ് മെമ്പർമാരുടെയും ഇംപ്ലിമെന്റേഷൻ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനറൽ ബോഡി യോഗം ചേർന്നു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ യോഗം ഉദ്ഘാടനം ചെയ്തു.

അതിദരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, പുതിയ സംരംഭങ്ങൾക്ക് പിന്തുണ നൽകി തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തൽ, പഞ്ചായത്തിലെ ആയിരം പേരിൽ അഞ്ച് പേർക്ക് തൊഴിൽ നൽകുക, വയോജന പരിപാലനം, അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടങ്ങി മേഖലകളിലടക്കം നടപ്പിലാക്കേണ്ട പദ്ധതികളും ആശയങ്ങളും യോഗം ചർച്ച ചെയ്തു. പദ്ധതികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബർ 5 ന് വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാരെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇപി മാരാർ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാർ, വാർഡ് മെമ്പർമാർ, വിവിധ ഇംപ്ലിമേന്റേഷൻ ഓഫീസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.