ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്ന് കോഴിക്കോട് ഐഐഎമ്മില്‍ നടത്തുന്ന കലാപരിപാടി ‘ശ്രുതി അമൃതിന്’ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വൈകീട്ട് ആറ് മുതലാണ് പരിപാടി ആരംഭിക്കുക. ആദ്യ ദിനത്തിൽ പ്രമുഖ കലാകാരന്‍ സൂരജ് നമ്പ്യാരുടെ കൂടിയാട്ടവും വാര്‍സി സഹോദരന്മാരുടെ ഖവാലിയും അരങ്ങേറി. നാളെ(ഡിസംബര്‍ 3) പ്രമുഖ കര്‍ണാടിക് സംഗീതജഞ എസ്.സൗമ്യ അവതരിപ്പിക്കുന്ന കര്‍ണാടിക് സംഗീത കച്ചേരിയും ബഹാഉദ്ദീൻ ഡാഗർ അവതരിപ്പിക്കുന്ന രുദ്രവീണ അവതരണവും ഉണ്ടാകും. അവസാന ദിവസമായ ഞായറാഴ്ച പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറും. പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.