കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്റ് കോണ്‍സിലേഷന്‍ സെന്റര്‍, ജില്ലാ മീഡിയേഷന്‍ സെന്റര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജും കല്‍പ്പറ്റ മീഡിയേഷന്‍ സെന്റര്‍ ജില്ലാ കോര്‍ഡിനേറ്ററുമായ ജോണ്‍സണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. മീഡിയേറ്റര്‍മാരുടെ മുന്നില്‍ വരുന്ന ഓരോ കേസുകളും ഗൗരവമായി കാണണമെന്ന് ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. മീഡിയേഷന്‍ പ്രവര്‍ത്തന രീതി വാദിഭാഗവും പ്രതിഭാഗവും അറിഞ്ഞിരിക്കണം. അതൊടൊപ്പം ഈ പ്രകിയ രഹസ്യസ്വഭാവമുള്ളതും അനൗപചാരികവുമാണെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്ന് അവര്‍ പറഞ്ഞു.

കോടതികളില്‍ കെട്ടികിടക്കുന്ന പരാതികള്‍ മീഡിയേഷന്‍ സെന്ററിലൂടെ പരിഹാരം ലഭ്യമാക്കുകയാണ് മീഡിയേറ്ററുടെ ചുമതല. സാക്ഷി വിസ്താരമോ തെളിവ് ഹാജരാക്കലോ ഉണ്ടാകില്ല. ഇതു വഴി വേഗത്തില്‍ നീതി ലഭിക്കുകയും സമയലാഭവും സാമ്പത്തിക ലാഭവും പരാതിക്കാരന് ലഭിക്കും. കേരളത്തില്‍ 71 മീഡിയേഷന്‍ സെന്ററുകളിലായി 674 മീഡിയേറ്റര്‍ മാരാണ് പ്രവര്‍ത്തിക്കുന്നത്.

പരിപാടിയില്‍ ജില്ലാ ജഡ്ജും കെ.എസ്.എം.സി.സി ഡയറക്ടറുമായ ജോണി സെബാസ്റ്റ്യന്‍, സബ് ജഡ്ജും കല്‍പ്പറ്റ മീഡിയേഷന്‍ സെന്റര്‍ കോര്‍ഡിനേറ്ററുമായ സി. ഉബൈദുള്ള, കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്‍ സുനില്‍കുമാര്‍, കല്‍പ്പറ്റ മീഡിയേറ്റര്‍ കോര്‍ഡിനേറ്റര്‍ അഡ്വ.ടി.യു. ബാബു, മീഡിയേറ്റര്‍ പരിശീലകന്‍മാരായ അഡ്വ.വി.പി തങ്കച്ചന്‍, അഡ്വ.ജി. ജയശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.