ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് “ബിഗ് ക്യാൻവാസ്” ഒരുക്കി സമഗ്ര ശിക്ഷ കോഴിക്കോട്. പൊതുസ്ഥലങ്ങളിൽ ഭിന്നശേഷി സൗഹൃദസന്ദേശം എത്തിക്കുന്നതിനായി കേരളസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾ, കുട്ടികൾ, അധ്യാപകർ, സമഗ്ര ശിക്ഷ പ്രവർത്തകർ എന്നിവർ പരിപാടിയുടെ ഭാഗമായി.
നവസാങ്കേതിക വിദ്യയിലൂടെ തുല്യതയുടെ ലോകത്തിലേക്ക് എന്ന വിഷയത്തിലൂന്നി പൊതുസമൂഹത്തെ ഭിന്നശേഷി ജീവിതവുമായി കോർത്തിണക്കാനുള്ള ബോധവത്കരണ പരിപാടികൾക്കാണ് എസ്. എസ്. കെ ഊന്നൽ നൽകിയിട്ടുള്ളത്.
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സമഗ്ര ശിക്ഷാ കോഴിക്കോട് നടത്തുന്നത്. സ്കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആവിഷകരിക്കുന്നത്.
സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ:എ.കെ അബ്ദുൽ ഹക്കീം ഭിന്നശേഷിദിന സന്ദേശം നൽകി. യു.ആർ.സി നടക്കാവ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഹരീഷ്. വി സ്വാഗതവും ട്രെയിനറായ ഷെഫീക്കലി കെ. നന്ദിയും പറഞ്ഞു.