അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണ് ദിനാചരണം നടത്തി. കല്‍പ്പറ്റ പള്ളിത്താഴെ സമസ്ത ഹാളില്‍ നടന്ന ദിനാചരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. മണ്ണ് പര്യവേഷണ അസി.ഡയറക്ടര്‍ സി.ബി ദീപ അദ്ധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ പദ്ധതി രൂപികരണം, ദുരന്ത സാധ്യതകളും അവയ്ക്കുള്ള പദ്ധതി രൂപരേഖ തയ്യാറാക്കലും എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ്, ജില്ല ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി എന്നിവര്‍ സെമിനാറുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, കല്‍പ്പറ്റ ഹൈടെക് സോയില്‍ അനലിറ്റിക്കല്‍ ലാബ് സീനിയര്‍ കെമിസ്റ്റ് പി ആര്‍ രഞ്ജിനി, കല്‍പ്പറ്റ കൃഷി ഓഫീസര്‍ പി. അഖില്‍, ഹൈടെക് സോയില്‍ അനലിറ്റിക്കല്‍ ലാബ് റിസര്‍ച്ച് അസിസ്റ്റന്റ് ഇ. കെ. റഹിയാനത്ത്, സോയില്‍ സര്‍വ്വേ ഓഫീസര്‍ വി.വി ധന്യ, തുടങ്ങിയവര്‍ സംസാരിച്ചു. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ നടത്തിയ ചിത്രരചന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തു ന്നതിനാണ് ഐക്യരാഷ്ട്രസഭ ഡിസംബര്‍ 5 ലോക മണ്ണുദിനമായി ആചരിക്കുന്നത്. ”അന്നത്തിന്റെ തുടക്കം മണ്ണില്‍ നിന്നും ‘ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ജൈവ സംഭവങ്ങളുടെ ലഭ്യതയും സുരക്ഷയും ഉറപ്പുവരുത്താന്‍ ആരോഗ്യമുള്ള മണ്ണിന് സാധിക്കും. സുസ്ഥിര വികസനത്തിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും മണ്ണ് സംരക്ഷണം അത്യന്താപേക്ഷിതമാണ്.