ആലപ്പുഴ: പ്രളയകാലത്ത് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച എയർ ആംബുലൻസ് ഹെലികോപ്റ്റർ സംഘത്തിന് ജില്ല ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഏറെ ദുരിതമനുഭവിച്ച ചെങ്ങന്നൂർ, കുട്ടനാട് പ്രദേശങ്ങളിലേക്ക് ആദ്യമെത്തിയ ഹെലികോപ്റ്റർ എയർ ആംബുലൻസാണ് 10 ദിവസത്തെ സൗജന്യ സേവനത്തിന് ശേഷം വ്യാഴാഴ്ച മടങ്ങിയത്. മികച്ചസേവനത്തിന് ജില്ല കളക്ടർ എസ്.സുഹാസ് സംഘത്തെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിങ്‌സ് ഏവിയേഷന്റെ എയർ എയിഡ് ആംബുലൻസാണ് തിരുവനന്തപുരത്തെ എൻ.ജി.ഒ ആയ സായിഗ്രാം ഓർഫനേജ് ട്രസ്റ്റ് കേരളയുടെ നിർദ്ദേശപ്രകാരം സേവനത്തിനെത്തിയത്.
എയർ എയിഡ് ആംബുലൻസ് ഇന്ത്യയിലെ തന്നെ ഒരേയൊരു എയർ ആംബുലൻസാണ് ഇതെന്ന് വിങ്‌സ് ഏവിയേഷൻ മാർക്കറ്റിങ് ഹെഡ് ഉമേഷ് കമ്മത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്പെടതനുസരിച്ചാണ് സായിഗ്രാം എയർ ആംബുലൻസുകാരെ ബന്ധപ്പെട്ടതെന്ന് സായിഗ്രാം സ്ഥാപകൻ കെ.എൻ ആനന്ദകുമാർ പറഞ്ഞു. സായിഗ്രാം വഴി 50 ടൺ അരിയും ക്യാമ്പുകളിൽ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
മിനി ഓപ്പറേഷന് വരെ സൗകര്യമുള്ള എയർ ആംബുലൻസിൽ വെന്റിലേറ്റർ, ബി.പി മോണിറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഡയാലിസിസിനുള്ള രോഗിയെ അടക്കം മൂന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ഉൾപ്പടെ നിരവിധ പേരെ എയർ ആംബുലൻസിലൂടെ രക്ഷിക്കാനായെന്ന് ഐക്കാറ്റ് ഡോക്ടർ രാഹുൽ സർദാർ പറഞ്ഞു. ആറു ഡോക്ടർമാരുടെ സഹായവും എയർ ആംബുലൻസിൽ ഒരുക്കിയിരുന്നു. ക്യാമ്പുകളിൽ അഭയം തേടിയ രോഗികൾക്കും ഡോക്ടർമാരുടെ സേവനം ലഭിച്ചു. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിക്ക് സമീപം പരിചരണമുറിയും എയർ ആംബുലൻസ് ഡോക്ടർമാർക്കായി സജ്ജീകരിച്ചിരുന്നു. ഇനിയും സേവനമാവശ്യമുണ്ടെങ്കിൽ വരാൻ താൽപര്യവും പ്രകടിപ്പിച്ചാണ് സംഘം മടങ്ങിയത്.
