ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്  നിര്‍വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, പന്തളം ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ കാര്യാലയത്തിന്റെയും പന്തളംതെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ചടങ്ങിനോട് അനുബന്ധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും കര്‍ഷകരെ ആദരിക്കലും ഫലവൃക്ഷതൈ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി. ജസ്റ്റിന്‍  പദ്ധതി വിശദീകരണം നടത്തി. മണ്ണ് ദിന പ്രതിജ്ഞാ വാചകം സോയില്‍ സര്‍വേ ഓഫീസര്‍ അമ്പിള്‍ വര്‍ഗീസ് ചൊല്ലികൊടുത്തു.
ജില്ലാതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിലും കാര്‍ഷിക കര്‍മ്മസേനയ്ക്കുള്ള മെമന്റോ സമര്‍പ്പണവും ഫലവൃക്ഷതൈ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദും നിര്‍വ്വഹിച്ചു.

കര്‍ഷകര്‍ക്കായി മണ്ണറിവ് പ്രദര്‍ശനം ഒരുക്കിയിരുന്നു. കലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണം അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ദുരന്തനിവാരണ അതോറിറ്റി പത്തനംതിട്ടയിലെ ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡും  മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന വിഷയത്തെക്കുറിച്ച് സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ വി. ജസ്റ്റിനും ക്ലാസുകള്‍ നയിച്ചു.