സ്‌ക്കൂള്‍ കലോത്സവ നഗരിയെ മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഗ്രീന്‍ വളണ്ടിയേഴ്സ് കുട്ടിക്കൂട്ടങ്ങള്‍. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി കണിയാരം ജി.കെ.എം സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളും, അധ്യാപകരും, പി ടി എ ഭാരവാഹികളുമാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒന്നാം വേദിയായ വല്ലിയുടെ മുഖ്യ ആകര്‍ഷണം സമീപത്തുള്ള ഹരിത പെരുമാറ്റ ചട്ട ഓഫീസാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുള്ള ഓഫീസ് തെങ്ങോലയും മുളയും കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. തുണിചാക്കുകളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച ബോര്‍ഡുകള്‍ ഓഫീസിന്റെ പ്രധാന സവിശേഷതയാണ്. മാലിന്യങ്ങള്‍ പൂര്‍ണ്ണമായും എല്ലാ മേഖലകളിലും ഒഴിവാക്കാന്‍ വേണ്ടി പ്രോഗ്രാം കമ്മിറ്റിയും ഭക്ഷണ കമ്മിറ്റിയും ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിക്കൊപ്പമുണ്ട്. പ്രോഗ്രാം കമ്മിറ്റി വിതരണം ചെയ്ത ബാഡ്ജുകള്‍ പൂര്‍ണ്ണമായും പേപ്പറില്‍ നിര്‍മ്മിച്ചതാണ്. ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ ഗ്ലാസും പാത്രവുമാണ് ഉപയോഗിക്കുന്നത്.
ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഓഫീസ് ജി.കെ.എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. എന്‍.പി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പാത്തുമ്മ, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ഷൈനി ജോര്‍ജ്ജ്, ശാരദ സജീവന്‍, കെ.രാമചന്ദ്രന്‍ ,വി ആര്‍ പ്രവീജ്, മാനന്തവാടി മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം പ്രസാദ്, മിനി ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ശുചിത്വമിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.അനൂപ്, ശുചിത്വമിഷന്‍ ആര്‍ പി വി.എസ് സുമിത, പി.ടി.എ പ്രസിഡന്റ് കെ.കെ ബിജു, പ്രധാനധ്യാപിക ലിന്‍സി സിസ്റ്റര്‍, വി.ജിനിത തുടങ്ങിയവര്‍ പങ്കെടുത്തു.