അമ്പൂരിക്കാരുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്
അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചല്‍ കടവില്‍ കരിപ്പയാറിന് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. നിലവില്‍ പാലത്തിന്റെ പൈലിങ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടിരൂപ ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്.
കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാര്‍ഡാം റിസര്‍വോയറിന്റെ തുരുത്തില്‍ പതിനൊന്നോളം ആദിവാസി ഊരുകളില്‍ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് കുമ്പിച്ചല്‍ കടവിലെ പാലം. നിലവില്‍ കടത്തുവള്ളമാണ് സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള പ്രദേശവാസികളുടെ ആശ്രയം. എന്നാല്‍ മഴക്കാലമായാല്‍ കടത്തുവള്ളത്തിലെ യാത്ര ദുസഹമാകും. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കുമ്പിച്ചല്‍ കടവില്‍ പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 36.25 മീറ്റര്‍ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളിലായി 253.4 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. ഇതില്‍ രണ്ട് സ്പാനുകള്‍ കരയിലും 5 സ്പാനുകള്‍ ജലാശത്തിലുമാണ്.
ഡയറക്ട് മഡ് സര്‍ക്കുലേഷന്‍ (ഡി.എം.സി) എന്ന പൈലിങ് രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. 15 മീറ്ററിലധികം ആഴത്തില്‍ വെള്ളമുള്ളതിനാല്‍ ഫ്ളോട്ടിങ് ബാര്‍ജിന്റെ സഹായത്തോടെയാണ് ജലാശയത്തിനുള്ളിലെ പൈലിങ് നടത്തുന്നത്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് പുറമേ ഇരുവശങ്ങളിലും കടവിലേക്ക് ഇറങ്ങുന്നതിനായി നാല് മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും നിര്‍മ്മിക്കുമെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. 11 മീറ്റര്‍ വീതിയുള്ള പാലത്തില്‍ എട്ട് മീറ്റര്‍ വീതിയില്‍ റോഡും ഇരു വശത്തും ഫുട്പാത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ പൈലിംഗ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.