ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ സായുധ സേനാ പതാക ദിനം ആചരിച്ചു. സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ എ.ഡി.എം എന്‍.എം മെഹറലി പുഷ്പാര്‍ച്ചന നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീരരക്തസാക്ഷികളുടെയും വിമുക്തഭടന്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ സ്മരിക്കുന്നതിനായി എല്ലാവരും പതാക ദിന ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു. ഫണ്ടിലേക്ക് എറ്റവും കൂടുതല്‍ തുക സമാഹരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മുഖ്യ മന്ത്രിയുടെ റോളിങ് ട്രോഫി കരസ്ഥമാക്കിയ ജില്ലയുടെ നേട്ടത്തില്‍ പങ്കാളികളായ മുഴുവന്‍ സ്ഥാപനങ്ങളെയും ജില്ലാകലക്ടര്‍ അഭിനന്ദിച്ചു. എ.ഡി.എം എന്‍.എം മെഹറലി അധ്യക്ഷനായി.

പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളായ സൈനികരുടെ മക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ലെഫ്.കേണല്‍ ത്രിരാജ് സുബ്ഭ നിര്‍വഹിച്ചു. സായുധ സേനാ പതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച എന്‍.സി.സി യൂനിറ്റിനുള്ള അവാര്‍ഡ് ഒസി-29 കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്‍സിസി ബറ്റാലിയന്‍ കമാന്‍ഡന്റ് ലെഫ്.കേണല്‍ ത്രിരാജ് സുബ്ഭ ഒഐസി, ഇസിഎച്ച്എസ് കേണല്‍.എന്‍ മോഹനനില്‍ നിന്നും ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് മലപ്പുറം ആര്‍.ടി.ഒ ഓഫീസും വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് പി.എസ്.എം.ഒ കോളജും കരസ്ഥമാക്കി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.എച്ച് മുഹമ്മദ് അസ്ലം സ്പാര്‍ഷ് പദ്ധതി സംബന്ധിച്ച സംശയ നിവാരണവും വിമുക്തഭടന്‍മാര്‍ക്കുള്ള ബോധവല്‍ക്കരണവും നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കെ.എസ്.ഇ.എല്‍ ജില്ലാ സെക്രട്ടറി എം.പി ഗോപിനാഥന്‍, എം. മോഹന്‍ദാസ്, പി.സുകുമാരന്‍, പി.എസ്.എം.ഒ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.അസീസ്, സി.ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം ഗവ. കോളജ്, എം.എസ്.പി സ്‌കൂള്‍, പി.എസ്.ഒ കോളജ് എന്നിവിടങ്ങളിലെ എന്‍.സി.സി കേഡറ്റുകളും പങ്കെടുത്തു.