ജനുവരിയിൽ കോട്ടയത്തു നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാലാ ഗ്ലോബൽ അക്കാദമിക് കാർണിവൽ -യുനോയ 2023ൻറെ ലോഗോ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ എറണാകുളം മഹാരാജാസ് കോളജിൽ പ്രകാശനം ചെയ്തു. അക്കാദമിക് മികവിൻറെ പുതിയ തലങ്ങളിലേക്കുള്ള സർവകലാശാലയുടെയും കോളജുകളുടെയും വളർച്ചയ്ക്ക് കാർണിവൽ ഊർജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത്. സർവകലാശാലയിലെയും കോളജുകളിലെയും പഠന, ഗവേഷണ സാധ്യതകൾ പരിചയപ്പെടുത്തുന്നതിലൂടെ നാട്ടിലും വിദേശത്തുമുള്ള കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാൻ സാധിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.

അക്കാദമിക് കാർണിവലിൻറെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയി അധ്യക്ഷത വഹിച്ചു. കാർണിവലിൻറെ ആശയവും പരിപാടികളുടെ വിശദാംശങ്ങളും യഥാക്രമം സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എസ്. ഷാജിലാ ബീവിയും ഡോ. ബിജു തോമസും അവതരിപ്പിച്ചു.

സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. ജോസ്, പി. ഹരികൃഷ്ണൻ, ഡോ. കെ.എം. സുധാകരൻ, ഡോ. ബാബു മൈക്കിൾ, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. മഹാരാജാസ് കോളജ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

സർവകലാശാലയിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും അക്കാദമിക ഗവേഷണ പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്പുകൾ, ട്രാൻസ്ലേഷണൽ റിസർച്ചുകൾ തുടങ്ങിയവയെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവു നൽകുന്നതിന് ലക്ഷ്യമിട്ടാണ് ജനുവരി 17 മുതൽ 19 വരെ ഗ്ലോബൽ അക്കാദമിക് കാർണിവൽ സംഘടിപ്പിക്കുന്നത്.