വയനാട് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അഡ്വഞ്ചര്‍ അക്കാദമി സെക്രട്ടറി ലൂക്ക ഫ്രാന്‍സിസ് പുഴ ശുചീകരണത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ വിചാരിച്ചില്ല, കുട്ടികള്‍ കത്തിക്കയറുമെന്ന്. ഊട്ടി ലൗ ഡേല്‍ ദ് ലോറന്‍സ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വൈത്തിരി പുഴയോരത്തെ 300 മീറ്റര്‍ ദൂരം വൃത്തിയാക്കി സകല മാലിന്യങ്ങളും ശേഖരിച്ച് പുറത്തെത്തിച്ചതോടെ കണ്ടുനിന്നവര്‍ക്കും ആശ്ചര്യം. ഏറെ ശ്രമകരമായിരുന്ന പുഴയോരത്തെ മരങ്ങളിലും മുളങ്കാടുകളിലും മുള്ളുപടര്‍പ്പുകളിലും കുത്തൊഴുക്കില്‍ വന്നടിഞ്ഞ മാലിന്യങ്ങള്‍ ഇവര്‍ ശേഖരിച്ചു. കൂടാതെ അക്കാദമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പുഴയില്‍ വന്നടിഞ്ഞ ചിരവയടക്കമുള്ള വീട്ടുപകരണങ്ങളും പാത്രങ്ങളും മുങ്ങിയെടുത്തു. രാവിലെ എട്ടിനു തുടങ്ങിയ ശുചീകരണ യജ്ഞം ഉച്ചകഴിഞ്ഞ് മൂന്നുവരെ നീണ്ടു. ഗം ബൂട്ടും ഗ്ലൗസും ധരിച്ചെത്തിയ കുട്ടികള്‍ മരം കയറുന്നതിലടക്കം വൈദഗ്ധ്യം കാട്ടി. മിനിസ്ട്രി ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മിലിട്ടറി കരിക്കുലമാണ് പിന്തുടരുന്നത്. രാവിലെ ആറുമുതല്‍ ഏഴുവരെ പട്ടാള പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. തുടര്‍ന്ന് രാവിലെ 8.30 മുതല്‍ 1.30 വരെ ക്ലാസും ശേഷം ഗെയിംസ് ആക്റ്റിവിറ്റീസും. ചിട്ടയായ പ്രവര്‍ത്തനം കുട്ടികളുടെ ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതിന്റെ തെളിവാണ് വൈത്തിരിയില്‍ കണ്ടത്. എന്‍.സി.സി ഓഫിസര്‍ ജിജോ ജോസഫിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് ഊട്ടിയില്‍ നിന്നെത്തിയത്. ശുചീകരണ യജ്ഞം വൈത്തിരിയില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അദ്ദേഹവും സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും പുഴയിലൂടെ ബോട്ടില്‍ യാത്ര ചെയ്ത് ശുചീകരണത്തില്‍ പങ്കാളികളായി. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
