കല്‍പ്പറ്റ: പ്രളയകെടുതിയില്‍ നോട്ടുബുക്കുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി എഴുതി തയ്യാറാക്കിയ നോട്ടുകളുമായി ടീം ഇന്‍ക്യുബേഷന്‍ ജില്ലയിലെത്തി. നഷ്ടപ്പെട്ട നോട്ട്ബുക്കുകള്‍ക്ക് പകരം ഇതുവരെ പൂര്‍ത്തിയായ പഠന ഭാഗങ്ങള്‍ എഴുതി തയ്യാറാക്കിയ പതിനായിരം നോട്ട്ബുക്കുകള്‍ കൈമാറിയാണ് ഇവര്‍ ദുരിതാശ്വായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്്. ടീം ഇന്‍ക്യുബേഷന്‍ അംഗങ്ങളായ ജസീത് പി. ബീരാന്‍, സെയ്ദ് ഷഹീര്‍, പി.കെ അര്‍ഷാദ് എന്നിവര്‍ വ്യാഴാഴ്ച കളക്ടറേറ്റിലെത്തി ജില്ലാ കളക്ടടര്‍ കേശവേന്ദ്രകുമാറിന് ബുക്കുകള്‍ കൈമാറി. ആലപ്പുഴ ജില്ലയിലും ഇത്തരത്തില്‍ പതിനായിരം നോട്ട്ബുക്കുകള്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി സാമൂഹിക – വിദ്യാഭ്യാസ – മാനസിക ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ടീം ഇന്‍ക്യുബേഷന്‍. കേരളത്തിലെ വിവിധ ക്യാമ്പുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസപരമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ടീം ഇന്‍ക്യുബേഷന്‍ ആരംഭിച്ച കാമ്പയിനാണ് ടുഗെതര്‍ വി കാന്‍. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനു സ്വീകാര്യത ലഭിച്ചു. അതുവഴി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ നോട്ട്ബുക്കുകള്‍ എഴുതി നല്‍കിയിട്ടുണ്ട്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ വയനാട് സന്ദര്‍ശിക്കും

ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സെപ്തംബര്‍ ഒന്നിന് ജില്ലയിലെത്തും. രാവിലെ 10ന് കളക്ടറേറ്റില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. തുടര്‍ന്ന് പൊഴുതന, പടിഞ്ഞാറത്തറ, കോട്ടത്തറ, തവിഞ്ഞാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.