ആലപ്പുഴ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ചേര്‍ത്തല താലൂക്കില്‍ ലഭിച്ച 238 പരാതികളില്‍ 210 എണ്ണം തീര്‍പ്പാക്കി. വിവിധ വകുപ്പ്, താലൂക്ക്തല മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ടാണ് പരാതികള്‍ പരിഗണിച്ചത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ളവ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അതാത് വകുപ്പ് മേധാവികള്‍ക്ക് കൈമാറി. ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന അദാലത്തിന്റെ ഉദ്ഘാടനവും ജില്ല കളക്ടര്‍ നിര്‍വഹിച്ചു.
അദാലത്ത് ദിവസമായ ഇന്നലെ (ഡിസംബര്‍ എട്ട്) ചേര്‍ത്തല താലൂക്ക് പരിധിയിലെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 100 പരാതികളാണ് നേരിട്ട് ലഭിച്ചത്. നേരത്തെ ലഭിച്ച 138 പരാതികള്‍ ഉള്‍പ്പടെയാണ് 238 പരാതികള്‍ പരിഗണിച്ചത്. അതിര്‍ത്തി പ്രശ്നം, സ്വത്ത് തര്‍ക്കം, വഴി തര്‍ക്കം, വീട് നിര്‍മാണം, ബാങ്കിങ് തുടങ്ങിയ പരാതികളാണ് അദാലത്തില്‍ കൂടുതലായും ലഭിച്ചത്.
ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ലി ഭാര്‍ഗവന്‍, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, സബ് കളക്ടര്‍ സൂരജ് ഷാജി, ഡെപ്യൂട്ടി കളക്ടര്‍മാരായ ആശ സി. എബ്രഹാം, ബി. കവിത, ആര്‍. സുധീഷ്, ജെ. മോബി, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ ജെസ്സിക്കുട്ടി മാത്യു, ഉപാധ്യക്ഷന്‍ ടി.എസ്. അജയകുമാര്‍, വിവിധ വകുപ്പ്, താലൂക്ക്തല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.